കണ്ണൂർ: എളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ച് ഡ്രൈവർ അടക്കം മൂന്ന് പേർ മരിച്ചു. ശ്രീകണ്ഠപുരം പയ്യാവൂർ സ്വദേശികളായ റിജോ, റജിന, ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്‌ച പുലർച്ചെ വിദഗ്‌ധ ചികിത്സയ്‌ക്കായി പയ്യാവൂരിലെ മെഴ്‌സി ആശുപത്രിയിൽ കണ്ണൂരിലേക്ക് വരികയായിരുന്ന ആംബുലൻസാണ് കണ്ണൂർ മട്ടന്നൂർ പാതയിലെ എളയാവൂരിൽ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലെ ആൽ മരത്തിൽ ഇടിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പയ്യാവൂർ വാതിൽമടയിലെ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.
അപകടം അറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും ആംബുലൻസിന്‍റെ അകത്തു നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കണ്ണൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
Also Read: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു