കണ്ണൂർ: കാലാകാലമായി മുസ്ലിം ലീഗ് ജയിച്ചു വരുന്ന വാർഡിൽ എൽഡിഎഫ് വിജയച്ചതിന്‍റെ പ്രതികാരമാണ് കാഞ്ഞങ്ങാട് നടന്ന കൊലപാതകത്തിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ നിന്ന് പ്രവർത്തനം മതിയാക്കി കേരളത്തിൽ എത്തിയത് മുസ്ലിം ലീഗുകാർ ആഘോഷിക്കുകയാണെന്നും അതിന്‍റെ ഇരയാവുകയായിരുന്നു അബ്ദുൾ റഹ്മാനെന്നും പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അല്ല സിപിഎം ആണ് തങ്ങളുടെ ശത്രു എന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിരുന്നു. അതാണ് കാഞ്ഞങ്ങാട് നടന്ന അക്രമ സംഭവത്തിൽ വ്യക്തമാകുന്നതെന്നും ഈ കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്നും ജയരാജൻ പറഞ്ഞു. ഇക്കാലയളവിൽ കോൺഗ്രസ് മൂന്ന് കൊലപാതകവും ബിജെപി രണ്ട് കൊലപാതകവും ചെയ്തു. ഇത് കൂടാതെയാണ് ഇപ്പോള്‍ മുസ്ലീം ലീഗും കൊലപാതകം ചെയ്തിരിക്കുന്നത്. ഈ മൂന്ന് പേരും ചേർന്ന് കേരളത്തിൽ അക്രമ സംഭവം അഴിച്ചു വിടുകയാണെന്നും ജയരാജൻ ആരോപിച്ചു.