കണ്ണൂർ : നാലാം ക്ലാസില്‍ പഠനം നിർത്തിയ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരക്ക് സമീപം കൊവ്വലിലെ കുഞ്ഞിരാമേട്ടന് ഇപ്പോൾ എൺപത്തിയേഴ് വയസായി. അതിനിടെ പലവിധ ചിന്തകളാണ് ഈ മനസിലൂടെ കടന്നുപോയത്. ആ ചിന്തകൾ വളർന്നപ്പോൾ അത് വൻ സംരംഭങ്ങളായി.
ആദ്യം കൃഷിയായിരുന്നു, പിന്നെ കുറച്ചുനാൾ വളപട്ടണത്ത് ഇന്ത്യ പ്ലൈവുഡിൽ ജോലി ചെയ്‌തു. വീണ്ടും കൃഷിയിലേക്ക്. കൃഷി ഹിറ്റായെന്ന് മാത്രമല്ല... മികച്ച ക്ഷീര കർഷകനുള്ള പുരസ്‌കാരം ഏഴ് തവണയാണ് തുടർച്ചയായി കുഞ്ഞിരാമേട്ടന്‍റെ കയ്യിലെത്തിയത്. അങ്ങനെയിരിക്കുമ്പോഴാണ് അഞ്ച് വർഷം മുൻപ് സ്വന്തം കുടുംബാംഗങ്ങളെ കുറിച്ചുള്ള ചിന്ത വലുതായത്.
അങ്ങനെ ഒരു കുടുംബ സംഗമം പ്ലാൻ ചെയ്‌തു. കടവത്ത് വളപ്പിൽ തറവാട്ടിലെ തലമൂത്ത കാരണവരായ കുഞ്ഞിരാമേട്ടൻ വിളിച്ചപ്പോൾ അറുന്നൂറോളം പേരാണ് സംഗമത്തിന് ഓടിയെത്തിയത്. അന്ന് കുഞ്ഞിരാമേട്ടൻ മറ്റൊരു ചിന്തയാണ് പങ്കുവെച്ചത്. ഒരു ടൂറിസം സംരംഭം. ചില്ലറ കളിയല്ല, 1.5 കോടിയാണ് മുതൽമുടക്ക്. പറശ്ശിനി പുഴയിൽ ഒരു കെട്ടുവള്ളവും രണ്ട് ചെറു ബോട്ടുകളും. സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് കുഞ്ഞിരാമേട്ടൻ തന്നെ.
പറശ്ശിനിക്കടവിൽ രണ്ടു പതിറ്റാണ്ടായി സർവീസ് നടത്തുന്ന പറശ്ശിനി ജനകീയ ബസ് സർവീസിന് ചുക്കാൻ പിടിക്കുന്നതും കുഞ്ഞിരാമേട്ടനാണ്. അങ്ങനെയെങ്കില്‍ ബോട്ട് സർവീസും വിജയമാകും. അതുകൊണ്ട് കുടുംബക്കാർക്ക് കുഞ്ഞിരാമേട്ടന്‍റെ പുതിയ സംരംഭത്തിലും വിശ്വാസമായി. 39 പേർ പണമിറക്കാൻ റെഡിയായി. അങ്ങനെ ഒരു കോടി രൂപ ചിലവിട്ട് കടവത്ത് ക്രൂയിസ് എന്ന പേരിൽ 50 പേർക്ക് യാത്ര ചെയ്യാൻ അനുമതിയുള്ള വള്ളം ഇറക്കി. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടി.
ഇനി പ്രവർത്തനമാനുമതിക്കുള്ള രജിസ്ട്രേഷൻ കിട്ടണം. അതിനായുള്ള കാത്തിരിപ്പാണ്. കുടുംബത്തിലെ എൻജിനീയർമാർ മുതൽ കള്ള് ചെത്ത് തൊഴിലാളികൾ വരെ കടവത്ത് ക്രൂയിസിൽ സംരംഭകരാണ്. എല്ലാം ശരിയായാല്‍ ആലപ്പുഴയില്‍ മാത്രമല്ല പറശ്ശിനി കടവിലും കെട്ടുവള്ളം ഇറങ്ങും... കുഞ്ഞിരാമേട്ടന്‍റെ ഉറപ്പാണ്...