കണ്ണൂർ : കെ.പി.സി.സി നേതൃത്വത്തിന് ആരോടും വ്യക്തിപരമായ വിദ്വേഷമോ വൈരാഗ്യമോ ഇല്ലെന്ന് പ്രസിഡന്‍റ് കെ.സുധാകരൻ. എല്ലാവരേയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചുമാണ് പാർട്ടി മുന്നോട്ടുപോകുന്നത്. ആർക്കെതിരെയും അനാവശ്യമായി നടപടിയെടുക്കില്ല.
നടപടിയെടുക്കേണ്ടവർക്കെതിരെ നടപടിയുണ്ടാവും. കോൺഗ്രസിൽ എക്കാലവും ഗ്രൂപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അവ പരിഹരിച്ച് മുന്നോട്ടുപോകും. തർക്കങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള സംവിധാനം പാർട്ടിക്കകത്തുണ്ട്.
ഇപ്പോഴത്തെ വിവാദങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ ഇല്ലാതാവും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണോ വിട്ടുനിൽക്കുകയാണോ എന്നത് അവരോടാണ് ചോദിക്കേണ്ടത്. ഇക്കാര്യത്തിൽ താൻ മറുപടി പറയേണ്ടതില്ല.
also read: Congress Kerala: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇടയുന്നു, സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി
അവർ മനപൂർവം വിട്ടുനിന്നതാണെന്ന് കരുതുന്നില്ല. താൻ നേരെ ചൊവ്വേ പാർട്ടി പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ തർക്കങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കേണ്ട. ആ വലയിൽ ഞങ്ങൾ വീഴില്ല. കോൺഗ്രസ് അന്നും ഇന്നും കരുത്തോടെ മുന്നോട്ടുപോവുകയാണെന്ന് സുധാകരൻ വ്യക്തമാക്കി.