കണ്ണൂർ : കെ.വി തോമസിനെ ഇനി കോൺഗ്രസിന് ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. ഇനി തോമസിന് എന്തും പറയാം. അദ്ദേഹം സിപിഎമ്മുമായി കച്ചവടം നടത്തി നിൽക്കുകയാണെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
തോമസിന് വ്യക്തിത്വം ഇല്ല. നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരനാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്നുവെന്ന് പറയുന്ന തോമസിന്‍റെ ആസ്‌തി എത്രയെന്ന് പരിശോധിക്കണം. കെ റെയിലിനെ പ്രശംസിച്ചത് അദ്ദേഹത്തിന് വിവരം ഇല്ലാഞ്ഞിട്ടാണ്.
പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് തോമസ് ഇപ്പോള്‍. പരമ പുച്ഛം മാത്രമാണ് തോന്നുന്നത്. അദ്ദേഹത്തെ പാർട്ടി പുറത്താക്കും എന്നതുറപ്പാണ്. അതിനായി കത്ത് അയച്ചിട്ടുണ്ട്. ഞങ്ങൾ പറയുന്നത് പാർട്ടി പ്രവർത്തകരുടെ വികാരമാണ്.
ALSO READ| കെ.വി തോമസിന്‍റെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നു, ഒരു ചുക്കും സംഭവിക്കില്ല : പിണറായി വിജയന്‍
തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ ഇപ്പോൾ സഹതപിക്കുന്നു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് 'തിരുത തോമ' എന്ന് വിളിച്ചത്. തോമസ് പ്രവർത്തകരെയും നേതാക്കളെയും ചതിക്കുകയായിരുന്നു.
നേരത്തെ തയ്യാറാക്കിയ തിരക്കഥയാണിത്. യെച്ചൂരിയുമായി തോമസിന് മുന്‍പേ നല്ല ബന്ധമുണ്ട്. താന്‍ ചെയ്യുന്നത് ജനഹിതമാണെന്നും സുധാകരൻ പ്രതികരിച്ചു.