കണ്ണൂർ: കെ റെയിൽ, ജലപാത, അശാസ്ത്രീയമായ തെക്കി ബസാർ ഫ്ളൈ ഓവർ നിർമാണം തുടങ്ങിയ പദ്ധതികളെ കുറിച്ച് പൊതു ജനങ്ങളുമായി കെ.സുധാകരൻ എം.പി മുഖാമുഖം നടത്തി. വെള്ളിയാഴ്ച്ച പത്തരയോടെ കണ്ണുർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിലായിരുന്നു പരിപാടി.
ജനങ്ങളെ ദുരിതത്തിലാക്കിയുള്ള വികസന പ്രവർത്തനങ്ങൾ നാടിന് ആവശ്യമില്ലെന്ന് കെ.സുധാകരൻ പറഞ്ഞു. വികസനത്തിന് ആരും എതിരല്ല. എന്നാൽ അതു നടപ്പിലാക്കേണ്ടത് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വേണം. അവരുടെ ജീവിതം തകർത്തെറിഞ്ഞുള്ള ഒരു വികസന പദ്ധതിയും നടപ്പിലാക്കരുത്. ഒരു ചെറിയ ഇടനാഴി മാത്രമാണ് നമ്മുടെ കൊച്ചു കേരളമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍ അപ്രായോഗികം....
ഒരു ലക്ഷം കോടിയിലേറെ ചെലവഴിച്ചു സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതി അപ്രായോഗികമാണ്. കെ.റെയിൽ പദ്ധതിക്ക് അനുമതി നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ ഇതു സംബന്ധിച്ച് യാതൊരു ചർച്ചകളും ഇതു സംബന്ധിച്ചു നടന്നിട്ടില്ല.
കേരളത്തെ വെട്ടിമുറിച്ചു നടപ്പിലാക്കുന്ന കെ.റെയിൽ പദ്ധതിക്കായി ഏഴു മീറ്ററോളം മണ്ണിട്ട് നികത്തി റെയിൽവേ പാത ഉയർത്തേണ്ടി വരും. ഇതിനായി ഒട്ടേറെ സ്ഥലം ഏറ്റെടുക്കുമ്പോൾ നിരവധി കുടുംബങ്ങൾ കുടിയിറക്കപ്പെടും. വികസനത്തിന്‍റെ പേരിൽ രണ്ടു തവണ കുടിയിറക്കപ്പെട്ടവർ തന്‍റെ നാടായ നടാലിലുണ്ടെന്നും സുധാകരൻ പറഞ്ഞു.
കെ.റെയിൽ പദ്ധതി അതി വേഗ പാതയാണ്. നാലു വിമാനത്താവളങ്ങൾ ഉള്ള കേരളത്തിൽ ഇത്തരം പദ്ധതി വേണോയെന്ന കാര്യം ആലോചിക്കണം. മംഗലാപുരം കൂടി ചേർന്നാൽ അഞ്ചു വിമാനത്താവള സൗകര്യമാണ് നമുക്കുള്ളതെന്നും സുധാകരൻ പറഞ്ഞു.
കെ റെയില്‍ പദ്ധതിയുടെ ഗുണം ആര്‍ക്ക്...?
രോഗികളെയും മറ്റുകൊണ്ടു പോകാനാണ് ഈ റെയിൽവെ പാതയെന്നാണ് പറയുന്നത്. 200 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്ന ട്രെയിൻ സർവീസുണ്ടാക്കാൻ രാജ്യത്ത് പദ്ധതികൾ നടന്നുവരികയാണ്. 1700 രൂപയെങ്കിലും മിനിമം ഇതിൽ സഞ്ചരിക്കാൻ വേണ്ടി വരും. ഈ സാഹചര്യത്തിൽ കെ റെയിൽ പദ്ധതി കൊണ്ടുള്ള ഗുണം ആർക്കാണ് ലഭിക്കുകയെന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്.
തെക്കി ബസാർ ഫ്ളൈ ഓവർ എന്തിന് വേണ്ടി...?
സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കുന്ന പദ്ധതിയെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടി കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും സുധാകരൻ പറഞ്ഞു. കണ്ണൂർ നഗരത്തിൽ നടപ്പിലാക്കുന്ന തെക്കി ബസാർ ഫ്ളൈ ഓവർ എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ല. അശാസ്ത്രീയമായ പദ്ധതി കാരണം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയില്ലെന്നും സുധാകരൻ പറഞ്ഞു.
പരിപാടിയിൽ ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, അബ്ദുൽ കരീംചേലേരി സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ് എം.എൽ.എ, പിടി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കൂടുതല്‍ വായനക്ക്: 2018ലെ പ്രളയം; സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി