കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നേതാവുൾപ്പെട്ട സംഘത്തെ തലശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതേ പേരിൽ കോഴിക്കോട് ജില്ലയിൽ നടത്തിയ തട്ടിപ്പിൽ ജില്ലാ ജയിലിൽ കഴിയുന്നവരെ വിട്ടുകിട്ടാൻ പൊലീസ് ഹർജി സമർപ്പിക്കും. കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരായ കെ എം വിപിൻദാസ്, അരുൺ കുമാർ, വിനോദ്, പ്രമോദ് എന്നിവരുടെ പേരിൽ ഏഴ് കേസുകളാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്‌തത്. വഞ്ചിതരായ കൂടുതൽ പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്.
രണ്ട് ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതിക്കാരിൽ പലരും. കഫ്‌റ്റീരിയയും ജോലിയും തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ സംഘം വലയിൽ വീഴ്‌ത്തിയത്. സംഘത്തിലെ മുഖ്യ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ കണ്ണൂരിലെ ഉന്നത നേതാവിന്‍റെ അടുത്തേക്കയച്ച കോഴിക്കോട്ടെ പ്രമുഖന്‍റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ കോൺഗ്രസ് നേതാക്കളും തട്ടിപ്പിന് ഇരയായവരോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. നഷ്‌ടപ്പെട്ട പണം തിരികെ വാങ്ങി നൽകാനാണ് തുക ആവശ്യപ്പെട്ടത്. തലശേരിയിലെ പ്രാദേശിക നേതാവുൾപ്പെടെയുള്ള സംഘമാണ് തട്ടിപ്പിനിരയായവരെ കബളിപ്പിക്കാൻ ശ്രമിച്ചത്.