കണ്ണൂർ: ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് മാടായിപ്പാറ. ഈ മേഖലയുമായി ബന്ധപ്പെട്ട് പുതുതലമുറയ്‌ക്ക് അറിയാത്ത പല ചരിത്ര കഥകളും ഇതിവൃത്തങ്ങളുമുണ്ട്. അതിൽ ഒന്നാണ് ജൂതക്കുളവും ജൂതന്മാരുടെ കുടിയേറ്റവും.
കേരളത്തിലെ ജൂത പാരമ്പര്യമനുസരിച്ച് ഏറ്റവും പഴക്കമുള്ള ജൂത വാസ സ്ഥലങ്ങളിലൊന്നാണ് മാടായിയെന്നാണ് കരുതപ്പെടുന്നത്. എഡി 400 കാലത്ത് ജറുസലേം ഭാഗത്ത് നിന്ന് ക്രിസ്‌ത്യൻ സമൂഹം ജൂതന്മാരെ അടിച്ചോടിച്ചതോടെ അവര്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും അഭയം തേടി എന്നാണ് പറയപ്പെടുന്നത്. ഈ പലായനത്തിൽ കേരളത്തിലെ മട്ടാഞ്ചേരിയും മാടായിയും ഒക്കെ അവർക്ക് കുടിയേറി പാർക്കാനുള്ള ഇടങ്ങളാവുകയായിരുന്നു.
കേരളത്തിൽ മട്ടാഞ്ചേരിയിൽ നിന്നാണ് ജൂതന്മാർ അവസാനമായി മടങ്ങിപ്പോയതെന്ന് പറയപ്പെടുന്നു. മാടായിയിലും ഏഴിമലയുടെ താഴ്‌വാരത്തും ഇവർ താമസിച്ചിരുന്നു. അവര്‍ പണി കഴിപ്പിച്ചതാണ് മാടായിപ്പാറയിലെ ചതുരക്കിണറുകളും കുളങ്ങളും.
മാടായി വടുകുന്ദ ശിവ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 400 മീറ്റർ അകലത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ജൂതക്കുളം സ്ഥിതി ചെയ്യുന്നത്. 60 അടി താഴ്‌ചയുള്ള ചതുരാകൃതിയിൽ ഉള്ള കുളത്തിന് പടവുകൾ ഇല്ല എന്നതാണ് പ്രത്യേകത.
ഏതാണ്ട് എട്ടോളം കിണറുകളും കുളങ്ങളുമാണ് മാടായിപ്പാറയില്‍ ഉളളത്. വർഷകാലത്ത് നിറഞ്ഞുകവിഞ്ഞ് നിൽക്കുന്ന കുളങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്‌ചയാണ്. കുളങ്ങൾക്കൊപ്പം സുരക്ഷയ്‌ക്കായി നട്ടുപിടിപ്പിച്ച കളളി മുൾച്ചെടികളും ഒരു സംസ്‌കാരത്തെ കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.
എങ്കിലും കയ്യേറ്റക്കാരുടെ വീർപ്പുമുട്ടലിൽ ആണ് ഇന്ന് മാടായിപ്പാറ. ഏതാണ്ട് 2500 ഏക്കറിലധികം ഉണ്ടായിരുന്ന മാടായിപ്പാറയുടെ തനത് വിസ്‌തൃതി കയ്യേറ്റക്കാരുടെ കയ്യൂക്കിൽ നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. മദ്യപന്മാരുടെ സ്വൈര്യവിഹാരം കൂടിയാവുമ്പോൾ ഇവിടെ മാലിന്യങ്ങള്‍ നിറയുന്നു.
മാറിമാറി വരുന്ന സർക്കാരുകൾ കയ്യേറ്റക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് മാടായിപ്പാറ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളുടെ പഴക്കമുള്ള കുളങ്ങൾ നാശത്തിലേക്ക് പോവാതിരിക്കാൻ സംസ്ഥാന സർക്കാരും പുരാവസ്‌തു വകുപ്പും ഇടപെടണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.