കണ്ണൂര്‍ : വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ വാരാമ്പറ്റ റോഡിലെ ജനകീയ ഹോട്ടല്‍ തദ്ദേശീയര്‍ക്കു മാത്രമല്ല സഞ്ചാരികള്‍ക്കും പ്രിയങ്കരമായ രുചിയിടമാണ് (Janakeeya hotel by Suja Sunil Padinjarathara). പോക്കറ്റ് കാലിയാകാതെ രുചികരമായ ഭക്ഷണം കഴിക്കാമെന്നതാണ് ജനകീയം ഹോട്ടലിന്‍റെ പ്രത്യേകത (Padinjarathara Varambetta road Janakeeya hotel). ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഉടമ കെ എം ഷഫീഖിന്‍റെ സഹകരണത്തോടെ സുജ സുനിലെന്ന വനിതാസംരംഭകയാണ് ജനകീയം ഹോട്ടലിന്‍റെ നടത്തിപ്പുകാരി (Janakeeya Hotels Padinjarathara).
ഹോട്ടലിന്‍റെ കഥ : ഈ ഹോട്ടല്‍ ആരംഭിച്ചതിന് നിമിത്തമായത് കോവിഡാണെന്ന് പറയുന്നതില്‍ സുജയ്ക്ക് മടിയില്ല.നാട് വിറങ്ങലിച്ചു നില്‍ക്കുന്ന സമയം. സര്‍ക്കാര്‍ സഹായത്തോടെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു ഇടം വേണം. കമ്യൂണിറ്റി കിച്ചണുവേണ്ടി ഷഫീഖ് തന്‍റെ കെട്ടിടം വിട്ടുകൊടുത്തു. നടത്തിപ്പും ഏറ്റെടുത്തു. സുജ സുനില്‍ ആയിരുന്നു ഭക്ഷണ വിതരണത്തിന് അന്ന് നേതൃത്വം നല്‍കിയത് (Kerala's Janakeeya hotels).
മാസങ്ങള്‍ക്കു ശേഷം കമ്യൂണിറ്റി കിച്ചണ്‍ ഇവിടെ നിന്നും മാറ്റി. അതോടെ 20 രൂപക്ക്, ഇവിടെവച്ച് ഊണ് വിതരണം നടത്താമെന്ന് ഷഫീഖും സുജ സുനിലും തീരുമാനിച്ചു. ബംഗാളില്‍ നിന്നുള്ള രണ്ട് സ്ത്രീകളും തദ്ദേശീയരായ മറ്റ് നാലു പേരും കൂടിയപ്പോള്‍ ഹോട്ടല്‍ ഉഷാര്‍. മറ്റ് വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. പിന്തുണയുമായി ഷഫീഖ് കൂടെ നിന്നതോടെ സുജയുടെ ജനകീയം ഹോട്ടല്‍ രുചി വൈവിധ്യങ്ങള്‍ കൊണ്ട് ഹിറ്റായി.
തുച്ഛമായ വിലക്ക് ഊണും മറ്റും ലഭിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ഇവിടെയെത്തി. ഏതെങ്കിലും വിഭവത്തിന് രുചിയുടെ ഏറ്റക്കുറച്ചിലുണ്ടായാല്‍ അത് പറയാനും മടിക്കേണ്ടതില്ല. അടുത്ത ദിവസം അക്കാര്യം പരിഹരിക്കപ്പെടും. രാവിലെ 6.30 ന് പ്രവര്‍ത്തനമാരംഭിക്കുന്ന ഹോട്ടല്‍ രാത്രി പത്ത് മണിവരെ തുടരും.
പ്രഭാത ഭക്ഷണത്തിന് വെള്ളയപ്പം, നൂല്‍പ്പുട്ട്, നെയ്പ്പത്തിരി, പൊറോട്ട, ചപ്പാത്തി, പുട്ട്, കടലക്കറി, ബാജി, മീന്‍- ചിക്കന്‍- ബീഫ് എന്നിവയും ചുരുങ്ങിയ വിലക്ക് ലഭിക്കും. അടുത്ത കാലത്ത് അരിക്കും മറ്റ് സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെയാണ് ഊണിന് 30 രൂപയാക്കിയത്. എന്നാല്‍ ചിലര്‍ പഴയ വിലയായ 20 രൂപ നല്‍കി പോകും. അതിനൊന്നും നടത്തിപ്പുകാര്‍ക്ക് പരിഭവമില്ല.
ഊണിനൊപ്പം സാമ്പാര്‍, മീന്‍കറി, പച്ചടി, ചമ്മന്തി, ഉപ്പേരി, അച്ചാര്‍ എന്നിവയുണ്ട്. ചിക്കന്‍ ബിരിയാണിക്ക് 70 രൂപയും ബീഫ് ബിരിയാണിക്ക് 90 രൂപയുമാണ് വില. ചായ, എണ്ണക്കടികള്‍ എന്നിവക്ക് 10 രൂപ വീതമാണ് വില. വെള്ളയപ്പം, ചപ്പാത്തി, നൂല്‍പ്പുട്ട് എന്നിവക്ക് 5 രൂപ മാത്രമാണ് ഈടാക്കുന്നത്.
തൊഴിലാളികളെയും പാവപ്പെട്ടവരെയും പരിഗണിച്ചാണ് ഈ വിലക്ക് ഭക്ഷണം നല്‍കുന്നതെന്ന് സുജ സുനില്‍ പറയുന്നു. ചിക്കന്‍ കറിക്കും വറുത്തതിനും 50 രൂപ നല്‍കിയാല്‍ മതി. സമീപത്തെ റിസോര്‍ട്ടുകളില്‍ നിന്നും ഓഡറുകള്‍ സുജയുടെ ഹോട്ടലിന് ലഭിക്കുന്നുണ്ട്. അതനുസരിച്ചുളള പാഴ്‌സലുകളും ഇവിടെ നിന്ന് നല്‍കുന്നുണ്ട്.
അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഭക്ഷണത്തിനുള്ള ഓഡര്‍ സ്വീകരിച്ച് എത്തിച്ചു കൊടുക്കുന്നുണ്ട്. വാഹനയാത്രക്കാരും തങ്ങളുടെ ബജറ്റിന് പറ്റിയ ഹോട്ടല്‍ ഇതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നൂറോളം പേര്‍ ദിവസേന ഊണുകഴിക്കാന്‍ എത്തുന്നുണ്ടെന്ന് സുജ പറഞ്ഞു,രുചിയും വൃത്തിയും വിലക്കുറവുമാണ് ജനകീയം ഹോട്ടലിന്‍റെ മുഖമുദ്ര.