കണ്ണൂർ: മൗലാന അബുല്‍ കലാം ആസാദിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തെറ്റായി ഉദ്ധരിച്ചെന്ന് ചരിത്ര കോൺഗ്രസ് മുൻ അധ്യക്ഷൻ ഇർഫാൻ ഹബീബ്. മുസ്ലിം വിഭാഗത്തെ അഴുക്ക് ചാലിലെ വെള്ളത്തിനോട് ഉപമിച്ചതിനാലാണ് ഗവർണറുടെ പ്രസംഗത്തിൽ താൻ ഇടപെട്ടത്. തന്‍റെ പ്രൊഫസറെന്ന പദവി എടുത്തു കളയണമെന്ന ബിജെപി ആവശ്യത്തെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും 88കാരനായ തനിക്ക് ഗവർണറുടെ എഡിസിയെ അക്രമിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ല. ഗവർണർ എന്തു പറയുന്നുവെന്നത് താൻ കാര്യമാക്കുന്നില്ലെന്നും ഇർഫാർ ഹബീബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിസ്റ്ററി കോൺഗ്രസിൽ വന്ന് രാഷ്ട്രീയം പറയാനാണ് ഗവർണർ ശ്രമിച്ചത്. രാജ്യത്തെ വിഷയങ്ങളിൽ പ്രതികരിക്കുക എന്നത് ചരിത്രകാരന്മാരുടെ കർത്തവ്യമാണെന്നും ഗവർണർ വിഷയത്തെ വഴി തിരിച്ചു വിടുകയാണ് ചെയ്തതെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.