കണ്ണൂർ : ജില്ലയിൽ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കടത്തിയ രണ്ട് പേരെ പിടികൂടി. മദ്യം കടത്തുകയായിരുന്ന രണ്ടുപേരെയും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും എക്‌സൈസ് സംഘം പിടിച്ചെടുത്തു. രണ്ടു പേരെയും വെവ്വേറെയാണ് പിടി കൂടിയത്.
പയ്യന്നൂര്‍ ബസ്റ്റാന്‍റിന് സമീപത്ത് ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. രാമന്തളി ചിറ്റടിയിലെ പനയന്‍ ഹൗസില്‍ പി.രാജൻ (45) ആണ് പിടിയിലായത്. ആലക്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ ആലക്കോട് ടൗണിന് സമീപം 11.500 ലിറ്റര്‍ വിദേശമദ്യം സഹിതം വെള്ളാട് തടിക്കടവിലെ മുക്കിരിക്കടവത്ത് വീട്ടില്‍ എം.കെ.ഷെരീഫ്(27) എന്നയാളെയും അറസ്റ്റ് ചെയ്‌തു. ഇയാളുടെ ഓട്ടോറിക്ഷയും പിടികൂടി. ക്രിസ്‌തുമസും പുതു വർഷവും അടുത്തു വരുന്നതോടനുബന്ധിച്ച് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പരിശോധനകള്‍ കര്‍ശനമാക്കിയതിന്‍റെ ഭാഗമായാണ് വിദേശ മദ്യം പിടികൂടാനായത്. റെയിഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ.പി.മധുസൂദനന്‍, പി.വി.ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ടി.എന്‍.മനോജ്, പി.കെ.രാജീവ്, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.