കണ്ണൂർ: വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദൻ. വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ ഏത് വിപ്ലവ പാർട്ടിക്കും മുന്നോട്ട് പോകാനാവൂ. അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിലാണ് എംവി ഗോവിന്ദന്‍റെ പരാമർശം.
ഇന്ത്യയിൽ ഏത് സാധാരണ മനുഷ്യനും ജനിക്കുന്നത് ഹിന്ദുവായാണ്. അല്ലെങ്കിൽ മുസ്ലിമോ പാഴ്സിയോ സിഖോ ആയാണ്. അത്തരം സമൂഹത്തിൽ ഭൗതിക വാദം പകരം വെക്കാനാകില്ല. അത് മനസിലാക്കിയേ മുന്നോട്ട് പോകാൻ സാധിക്കൂവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്ക് പോലും ഇന്ത്യൻ സമൂഹം വളർന്നിട്ടില്ല. ജനാധിപത്യ വിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. അതിന് ആവില്ല. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ല. ശബരിമല സ്ത്രീ പ്രവേശനമടക്കം വീണ്ടും ചർച്ചയായ സാഹചര്യത്തിൽ എംവി ഗോവിന്ദൻ്റെ പ്രസംഗം വലിയ ചർച്ചയ്ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.