കണ്ണൂര്‍: തളിപ്പറമ്പ് ബാങ്ക് സ്ട്രീറ്റിൽ അനധികൃത പാർക്കിംഗ് രൂക്ഷമാവുന്നു. നിരന്തരം പരാതി ഉയർന്നിട്ടും ഇതിന് പരിഹാരമുണ്ടാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നഗരസഭ ആവശ്യപ്പെട്ടിട്ടും അനധികൃത പാർക്കിംഗ് തടയാൻ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടുമില്ല. തളിപ്പറമ്പ് ഹൈവേയിൽ നിന്നും കാക്കാത്തോട് ബസ് സ്റ്റാൻഡ് വഴി മലയോരത്തേക്കുള്ള എളുപ്പമാർഗമാണ് ബാങ്ക് സ്ട്രീറ്റ് റോഡ്.
എന്നാൽ ഇതുവഴി പലപ്പോഴും ഒരു ബൈക്കിന് പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. അനധികൃത പാർക്കിംഗാണ് പ്രശ്നങ്ങള്‍ക്ക് കാരണം. റോഡിലുൾപ്പെടെ വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥിതിയാണ്. മുൻ കാലങ്ങളിലും സമാന സാഹചര്യമുണ്ടായിരുന്നു. എന്നാൽ, അന്ന് ട്രാഫിക് പൊലീസ് ഇവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കുകയും ഒരു പൊലീസുകാരനെ ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തു.
അതോടെ അനധികൃത പാർക്കിംഗ് ഇല്ലാതായിരുന്നു. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആളുകൾ കൂടുതലായി പുറത്തിറങ്ങി തുടങ്ങിയതോടെ സ്ഥിതി വീണ്ടും പഴയ നിലയിലായി. ഇവിടെയുള്ള അനധികൃത പാർക്കിംഗ് തടയാൻ ഒരു പൊലീസുകാരനെ നിയോഗിക്കണമെന്ന് തളിപ്പറമ്പ് നഗരസഭ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന് പുറമെ നാട്ടുകാരും നിരന്തരം ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.