ഇടുക്കി : തങ്കമണി അമ്പലമേട് മേഖലയിലെ പാറയിടുക്കിൽ പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം എക്സൈസ് നശിപ്പിച്ചു. 80 ലിറ്റർ ചാരായവും 800 ലിറ്റർ കോടയും എക്‌സൈസ് പിടികൂടി നശിപ്പിച്ചു. തങ്കമണി കാമാക്ഷി -അമ്പലമേട് റോഡിൽ കുരിശടിക്ക് സമീപം ചെങ്കുത്തായ പാറയിടുക്കിലാണ് വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്.
ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്തുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. പ്രതിയെ പിന്തുടർന്ന ഉദ്യോഗസ്ഥർക്ക് പ്രതിയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചതിനാൽ അമ്പലമേട് സ്വദേശി പാറയിൽ അനീഷ് എബ്രഹാ (31)മിനെതിരെ കേസ് എടുത്തു.
also read: കൊല്ലത്ത് 300ലിറ്റര്‍ കോടയും 30 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു
ഇരുവശങ്ങളിലുമായി രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഘടിപ്പിച്ച് പ്രവർത്തിക്കുന്ന ബർണറുകളാണ് വാറ്റിന് ഉപയോഗിച്ചിരുന്നത്. 200 ലിറ്റർ കൊള്ളുന്ന ഇരുമ്പു ബാരലിൽ ഘടിപ്പിച്ചായിരുന്നു ചാരായ നിര്‍മാണം.
ഇത്തരത്തില്‍ വളരെയെളുപ്പത്തിൽ കൂടുതൽ ചാരായം ഉണ്ടാക്കാനാകുന്ന ആധുനിക സംവിധാനത്തിലായിരുന്നു വ്യാജ വാറ്റ് നടന്നുവന്നിരുന്നത്. മേഖലയില്‍ സമീപകാലത്ത് കണ്ടെത്തിയ ഏറ്റവും വലിയ വാറ്റ് കേന്ദ്രമാണ് ഇത്.