കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പേരുകളോടൊപ്പം ബിരുദങ്ങളും ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. പൊതുപ്രവര്‍ത്തകനായ കെ.പി മൊയ്തു നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്‌ചക്കകം കമ്മീഷനെ അറിയിക്കാനാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്, ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് എന്നിവര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജ് ഒപികളിലും കാഷ്വാലിറ്റികളിലും ഡ്യൂട്ടി സമയത്ത് രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരുടെ പേരുകള്‍ മാത്രമേ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ. എന്നാല്‍ തന്നെ പരിശോധിച്ച് ചികിത്സ നിര്‍ണ്ണയിക്കുന്ന ഡോക്ടര്‍മാരുടെ ബിരുദം എന്താണെന്നറിയാന്‍ രോഗിക്ക് അവകാശമുണ്ടെന്ന കെ.പി മൊയ്തുവിന്റെ വാദം അംഗീകരിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍, സൂപ്രണ്ട് എന്നിവരെ എതിര്‍ കക്ഷിയാക്കിയാണ് മൊയ്‌തു പരാതി നല്‍കിയത്. എതിര്‍ കക്ഷികളോട് വിശദീകരണം തേടി കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
എം.ബി.ബി.എസ് ബിരുദം മാത്രമുള്ള ഡോക്ടര്‍മാര്‍ വിവിധ സ്‌പെഷ്യാലിറ്റി ഒപികളില്‍ തങ്ങളുടെ ബിരുദം വ്യക്തമാക്കാതെ രോഗികളെ പരിശോധിക്കുന്നത് വിവാദമായതോടെയാണ് കെ.പി. മൊയ്തു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കൂടാതെ പ്രവര്‍ത്തനം ആരംഭിച്ച് കാല്‍ നൂറ്റാണ്ടാവുന്ന മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ പഴക്കം ചെന്ന ഉപകരണങ്ങള്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്നും ക്യാമ്പസിനകത്ത് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചിട്ടും എആര്‍എംഒ സ്വകാര്യ പ്രാക്ടീസിന് വേണ്ടി ആശുപത്രിക്ക് പുറത്ത് താമസിക്കുന്നത് ഉള്‍പ്പെടെ നിരവധി ജനകീയ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുമാണ് കമ്മീഷന് പരാതി നല്‍കിയത്.