കണ്ണൂര്‍: വ്യാജ വാർത്തകളെ എങ്ങനെ തിരിച്ചറിയാമെന്നതിൽ വിദ്യാർഥികളിൽ അവബോധം വളർത്തുകയാണ് കണ്ണൂർ അമൃത വിദ്യാലയം. മുൻ ജില്ലാ കലക്ടർ മിർ മുഹമ്മദലി മുൻകൈയെടുത്ത് ആരംഭിച്ച പദ്ധതി പക്ഷേ, സർക്കാർ സ്കൂളുകളിൽ ഇനിയും നടപ്പാക്കാനായിട്ടില്ല. നവമാധ്യമങ്ങളും മൊബൈൽ ഫോൺ ഉപയോഗവും വർധിച്ച് വരുന്ന ഈ കാലത്ത് അതിന്റെ കൂടപ്പിറപ്പാണ് വ്യാജവാർത്തകൾ. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ് ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെയും കൈമാറുന്ന വാർത്തകളിലെ ശരി-തെറ്റുകൾ എങ്ങനെ മനസിലാക്കാമെന്നതാണ് വിദ്യാർഥികളെ പഠിപ്പിക്കുന്നത്.
വ്യാജ ഫോട്ടോയുടെയും ദൃശ്യങ്ങളിലൂടെയുമാണ് പ്രധാനമായും ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. ഈ വാർത്തകൾ അയച്ചു തരുന്നവരുമായി ആശയവിനിമയം നടത്തിയ ശേഷം മാത്രമേ മറ്റൊരാളിലേക്ക് ഇത് അയക്കാൻ പാടുള്ളൂവെന്നതാണ് കുട്ടികൾക്ക് നൽകുന്ന പാഠം. മറ്റൊന്ന് ക്ലിക്ക് ബേയ്റ്റ് രൂപത്തിലുള്ള വാർത്തകളാണ്. ഇതിൽ ഒരു വ്യക്തിയുടെയോ വസ്‌തുവിന്‍റെയോ ഗുണഗണങ്ങൾ മാത്രമായിരിക്കും അടങ്ങിയിരിക്കുക. എന്നാൽ ഇത്തരം വാർത്തകളുടെ ദൂഷ്യവശം കൂടി മനസിലാക്കാൻ പലരും ശ്രമിക്കാറില്ല. ഓഫറുകൾ ഉയർത്തി കാണിച്ച് അക്കൗണ്ട് വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും കൈക്കലാക്കുന്ന തരത്തിലുള്ള വാർത്തകളെയും തിരിച്ചറിയണമെന്ന പാഠവും ഇവിടെ നൽകുന്നു. ആളുകളുടെ അഭിരുചിക്കനുസരിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്ന ഫിൽറ്റർ ബബിൾസും വ്യാജവാർത്ത വിഭാഗത്തിലുള്ളതാണ്.
'സത്യമേവ ജയതേ' എന്ന ആശയം ഉയർത്തിപ്പിടിച്ച് കണ്ണൂർ മുൻ ജില്ലാ കലക്ടർ മിർ മുഹമ്മദലിയാണ് 'ഹൗ ടു സ്പോട്ട് ദ ഫെയ്‌ക്ക് ന്യൂസ്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. കണ്ണൂർ അമൃത വിദ്യാലയത്തിൽ ആരംഭിച്ച പദ്ധതി മറ്റ് സർക്കാർ സ്കൂളുകളിലേക്കും വ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ പല കാരണങ്ങളാലും ഈ ആശയം മറ്റ് സ്‌കൂളുകളിലേക്കെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടില്ല.