കണ്ണൂർ: തലശ്ശേരിയിൽ കഴിഞ്ഞ ദിവസം രാത്രി തീപിടിത്തമുണ്ടായ ഹോട്ടലിൽ വിദഗ്‌ധ സംഘം എത്തി പരിശോധന നടത്തി. മണവാടി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന കെവിസ് എന്ന റെസ്റ്റോറന്‍റിലാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തീപിടിത്തം ഉണ്ടായത്. പെട്ടെന്ന് തന്നെ നാട്ടുകാരും തലശ്ശേരി അഗ്നിരക്ഷാസേന യൂണിറ്റും എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
തീ പിടിക്കുമ്പോൾ ഹോട്ടലിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ ഓടിരക്ഷപെട്ടു. തീപിടിത്തത്തിൽ ഹോട്ടലിന് സമീപത്തുള്ള മെഡിക്കൽ ഷോപ്പിന്‍റെയും റെഡിമെയ്‌ഡ് ഷോപ്പിന്‍റെയും ബോർഡുകൾ കത്തിനശിച്ചു. ഹോട്ടലിന്‍റെ മുകൾ നിലയ്ക്കും തീപിടിച്ചു. ഹോട്ടലിലെ ഫർണിച്ചറുകളും, മറ്റും പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
നേരത്തെ ബേക്കറിയായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അടുത്തിടെയാണ് ഹോട്ടൽ ആക്കി മാറ്റിയത്. വ്യാഴാഴ്‌ച രാത്രി ഹോട്ടൽ വൃത്തിയാക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ മാറ്റി വയ്ക്കുമ്പോഴാണ് തീ പടർന്നതെന്നാണ് സൂചന. 40 ലക്ഷത്തിന്‍റെ നാശനഷ്‌ടമുണ്ടായതായി ഉടമ പറഞ്ഞു.