കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ കണ്ണൂർ സിറ്റി സ്വദേശി റിയാസ് അറസ്റ്റില്‍. ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് ഭീഷണി സന്ദേശം വന്നത്. ഇതേതുടര്‍ന്ന് സ്റ്റേഷനും പരിസരവും മണിക്കൂറുകളോളം പരിഭ്രാന്തിയില്‍ ആയി.
കണ്ണൂർ സിറ്റി പൊലീസ് കൺട്രോൾ റൂമില്‍ തിരുവനന്തപുരത്ത് നിന്നാണ് സന്ദേശം വന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. അടിയന്തര ഫോണ്‍നമ്പര്‍ ആയ 112 ലേക്ക് ആണ് സന്ദേശം വന്നത്. മദ്യലഹരിയിൽ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് റിയാസ് പൊലീസിനോട് പറഞ്ഞു.
ഉടൻ ബോംബ് സ്‌ക്വാഡും ശ്വാന വിഭാഗവും ടൗൺ പൊലീസും എത്തി റെയിൽവേ സുരക്ഷാസേനയുമായി ചേർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. ബോംബ് ഭീഷണി റെയിൽ ഗതാഗതത്തെ ബാധിച്ചില്ല. ഫോൺ വിളിച്ചയാളെ കണ്ടെത്താൻ പൊലീസ് ഇന്നലെ തന്നെ ശ്രമം തുടങ്ങിയിരുന്നു.