കണ്ണൂർ : കനത്ത മഴയിൽ തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വീണു. ഞായറാഴ്ച്ച രാത്രി പെയ്ത മഴയിൽ തലോറ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കൂറ്റൻ മരം കടപുഴകി വീണു. ഏകദേശം 600 വർഷത്തിലധികം പഴക്കമുള്ള എരിഞ്ഞി മരമാണ് കടപുഴകി വീണത്. ആളപായമില്ല. ക്ഷേത്രത്തിനോ മറ്റ് ഭാഗങ്ങൾക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. തളിപ്പറമ്പ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രാത്രി തന്നെ മരം മുറിച്ച് മാറ്റി.
തിങ്കളാഴ്ച്ച രാവിലെ സംസ്ഥാന പാതയിൽ കരിമ്പത്ത് മുളക്കൂട്ടം റോഡിന് കുറുകെ മരം കടപുഴകി വീണു. സംഭവത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. കരിമ്പം ഫാമിലെ മുളകളാണ് കൂട്ടത്തോടെ കടപുഴകി വീണത്. സ്റ്റേഷൻ ഓഫീസർ കെ പി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള തളിപ്പറമ്പിലെ അഗ്നിരക്ഷാ സേനാഗംങ്ങൾ എത്തിയാണ് മരം മാറ്റി ഗതാഗതം പുനരാരംഭിച്ചത്.