കണ്ണൂർ: തളിപ്പറമ്പ് നഗരത്തിൽ എത്തിച്ചേരുന്ന ആളുകൾക്ക് ആരോഗ്യപരമായ ആശ്വാസ കേന്ദ്രമായി ആരോഗ്യ നികേതൻ സ്ഥാപിക്കുന്നു. ആരോഗ്യനികേതൻ കെട്ടിടത്തിന് മന്ത്രി കെ.കെ ശൈലജ ഇന്ന് തറക്കല്ലിടുമെന്ന് ജയിംസ് മാത്യു എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 87 ലക്ഷം രൂപ ചെലവിട്ടാണ് ആരോഗ്യ നികേതൻ സ്ഥാപിക്കുന്നത്.
തളിപ്പറമ്പിലെ വെക്‌ടർ കൺട്രോൾ യൂണിറ്റും ആരോഗ്യ വകുപ്പ് മൊബൈൽ സിസ്‌പൻസറിയും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിർമിക്കുന്ന കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വിശ്രമ സൗകര്യവും പ്രാഥമിക ആരോഗ്യ പരിശോധനക്കുള്ള സൗകര്യവും ഏർപ്പെടുത്തും. അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളുടെ സേവനവും ഇവിടെ ലഭ്യമാക്കും. രണ്ടാംഘട്ടമായി ഹെൽത്ത് കെയർ സെന്‍ററും സ്ഥാപിക്കമെന്ന് എംഎൽഎ കൂട്ടിചേർത്തു.