കണ്ണൂർ: പയ്യന്നൂര്‍ തെക്കെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് പൂട്ടാൻ സര്‍ക്കാര്‍ ഉത്തരവ്. പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളിയില്‍ 86 ഏക്കര്‍ നെല്‍വയൽ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളുടെ കേന്ദ്രീകൃത ഓയില്‍ ഡിപ്പോക്ക് വേണ്ടി ഏറ്റെടുക്കുന്നതിനായി പ്രവർത്തിച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് പൂട്ടാനാണ് ഉത്തരവായത്. കണ്ടങ്കാളി പദ്ധതി പുനപരിശോധിക്കുമെന്നും ലാന്‍റ് അക്വിസിഷന്‍ ഓഫീസ് പൂട്ടുമെന്നും കഴിഞ്ഞ ജനുവരി 27ന് മുഖ്യമന്ത്രി ജനകീയ സമരസമിതിക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഉത്തരവ് വന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് 88 ദിവസം നീണ്ടു നിന്ന സത്യഗ്രഹസമരവും മൂന്ന് വര്‍ഷമായി തുടര്‍ന്ന സമര പ്രവര്‍ത്തനങ്ങളും സമരസമിതി അവസാനിപ്പിച്ചിരുന്നു.
2017 ജൂലായിലാണ് പയ്യന്നൂരില്‍ ലാന്‍റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് ഒരു വര്‍ഷത്തേക്ക് തുടങ്ങിയത്. പിന്നീട് കാലാവധി നീട്ടി നല്‍കുകയായിരുന്നു. രണ്ടര വര്‍ഷമായി തുടരുന്ന ഓഫീസില്‍ സ്‌പെഷ്യല്‍ തഹസില്‍ദാരടക്കം എട്ട് സ്ഥിരം ജീവനക്കാരും രണ്ട് താല്ക്കാലിക ജീവനക്കാരുമാണുള്ളത്. സ്ഥിരം ജീവനക്കാരെ മറ്റ് ഇടങ്ങളിലേക്ക് മാറ്റി നിയമിക്കുന്നുതുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് 31 വരെ ലാന്‍റ് അക്വിസിഷന്‍ ഓഫീസിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിക്കാന്‍ നടക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന തീരുമാനമാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്.