കണ്ണൂർ: സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുന്നു. ഇന്ന് രാവിലെ എട്ട് മണിക്ക് കണ്ണൂരിൽ എത്തിയ സംഘം മൊബൈൽ ഫോൺ ഉപേക്ഷിച്ച പുഴയിലും അർജുന്‍റെ വീട്ടിലുമാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
ഫോണ്‍ പുഴയിൽ? വിശ്വസിക്കാതെ കസ്റ്റംസ്
രാവിലെ 11 മണിയോടെ കാർ ഉപേക്ഷിച്ചിരുന്ന അഴീക്കോട് പൂട്ടിക്കിടക്കുന്ന ഉരു നിർമാണ ശാലയിലേക്കെത്തിച്ച് അർജുൻ ആയങ്കിയുടെ തെളിവെടുപ്പ് നടത്തി. തുടർന്ന് മൊബൈൽ ഫോൺ നഷ്ടപ്പെട്ട പുഴയുടെ തീരത്തെത്തിച്ചു. പുഴയിൽ ആഴമില്ലാത്ത സ്ഥലത്ത് ഫോൺ കളഞ്ഞെന്നാണ് അർജുന്‍റെ മൊഴി. എന്നാൽ ഇത് വിശ്വസിക്കാൻ കസ്റ്റംസ് തയ്യാറായിട്ടില്ല.
തുടർന്ന് കപ്പക്കടവിലെ അർജുന്‍റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണം തട്ടിയെടുക്കാൻ ടി പി വധക്കേസിലെ പ്രതികളുടെ സഹായം തേടിയെന്ന് അർജുൻ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഒളിവിൽ കഴിയാനും ടി പി കേസ് പ്രതികൾ സഹായിച്ചെന്നാണ് വിവരം.
ALSO READ: ഫോൺ പുഴയിൽ ഉപേക്ഷിച്ചതായി അർജുൻ; വിശ്വസിക്കാതെ കസ്റ്റംസ്
കാർ കണ്ടെടുത്ത പരിയാരത്തും, ടി.പി വധക്കേസിലെ പ്രതികളുടെ സഹായം തേടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് ഷാഫിയുടെ വീട്ടിലും അർജുനിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
അർജുന്‍റെ ഭാര്യക്കും കസ്റ്റംസ് നോട്ടിസ്
ഇതിനിടെ കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമാല അർജുന് കസ്റ്റംസ് നോട്ടിസ് നൽകി. തിങ്കളാഴ്‌ച രാവിലെ കൊച്ചിയിൽ ഹാജരാകാനാണ് നിർദേശം. വിവാഹത്തിന് അമാല ധരിച്ചിരുന്ന സ്വർണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്തതാണ് നോട്ടിസ് നൽകാൻ കാരണം.
ALSO READ: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ചു
സ്വർണം തട്ടിയെടുക്കൽ സംഘത്തിലെ മുപ്പതു പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം. കൊച്ചി കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.