കണ്ണൂർ: ആന്തൂർ നഗരസഭയിലെ വാർഡുകളിൽ സിപിഎം കള്ളവോട്ട് നടത്തുന്നതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. അതേ സമയം ബിജെപി നുണപ്രചാരണം നടത്തുകയാണെന്ന് ജയിംസ് മാത്യു എം എൽ എയും തിരിച്ചടിച്ചു. ആന്തൂർ നഗരസഭയിലെ 9, 20 വാർഡുകളിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായാണ് പി കെ കൃഷ്ണദാസ് ആരോപണം ഉന്നയിച്ചത്.
സ്വന്തം പാർട്ടിക്കാരെ പോലും സിപിഎമ്മിന് വിശ്വാസമില്ല. അവരുടെ വോട്ടുകൾ പോലും സിപിഎം കള്ളവോട്ട് ചെയ്യുകയാണ്. ആന്തൂരിലെ ബൂത്തുകളിൽ ആദ്യ മണിക്കൂറുകളിൽ മതിയായ സുരക്ഷ ഒരുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കൃഷ്ണദാസ് ആരോപിച്ചു. ആന്തൂരിൽ കള്ളവോട്ട് നടക്കുന്നതായി ബിജെപി നുണ പ്രചാരണം നടത്തുകയാണെന്ന് ജയിംസ് മാത്യു എം എൽ എ പറഞ്ഞു.
യഥാർഥ വോട്ടർമാർ പകുതിയോളം പേർ തന്നെ കൊവിഡ് ചട്ടം കാരണം വരാൻ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രചാരണം. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന പ്രക്രിയയാണ് ബിജെപി നേതാക്കളുടെ തെറ്റായ പ്രചാരണം വഴി നടക്കുന്നതെന്നും ജയിംസ് മാത്യു എം എല്‍ എ പറഞ്ഞു.