കണ്ണൂർ: ആയോധന കലയായ കളരിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് കണ്ണൂരിലെ ഒരു നാലു വയസുകാരന്‍. ഇരിട്ടിയിലെ എം.കെ.ജി കളരി സംഘത്തിലെ ഗുരുക്കള്‍ ഗോപിനാഥിന്‍റെ മകന്‍ യാദവ് ഗോപിനാഥാണ് കാണികളെ വിസ്‌മയിപ്പിക്കുന്ന ഈ കുരുന്ന് അഭ്യാസി. അച്ഛന്‍ ശിഷ്യര്‍ക്ക് പറഞ്ഞു കൊടുക്കുന്ന അടവുകള്‍ യാദവും പഠിച്ചെടുത്തപ്പോള്‍ കളരിയില്‍ വിസ്‌മയമായി മാറുകയാണ് ഈ കുരുന്ന്. മുതിര്‍ന്നവര്‍ക്ക് പോലും പിഴയ്ക്കാനിടയുള്ള അടവുകള്‍ യാദവിന്‍റെ കൈകളില്‍ ഭദ്രം. കെട്ടുകാരി, വടി കറക്കല്‍, ഫയര്‍ ഷോ, ചുവടുകള്‍, കളരി വന്ദനം എന്നിവയെല്ലാം യാദവ് തികഞ്ഞ മെയ് വഴക്കത്തോടെ ചെയ്യുമ്പോള്‍ കാണികള്‍ അമ്പരക്കും. കളരിയില്‍ പയറ്റിത്തെളിഞ്ഞ സൂര്യായി നാരായണ ഗുരുക്കളുടെ ശിഷ്യനാണ് ഗോപിനാഥന്‍. എന്നാല്‍ മകന്‍ യാദവിനെ ഇതുവരെ കളരിയില്‍ ഇറക്കിയിട്ടില്ല. കണ്ടറിഞ്ഞ് ഈ കൊച്ചു മിടുക്കന്‍ സ്വായത്തമാക്കിയ അഭ്യാസ മികവ് ഇപ്പോള്‍ കാണികള്‍ക്ക് അത്ഭുതമാവുകയാണ്.
മൂത്ത സഹോദരന്‍ അഭിനന്ദും കളരിയില്‍ ഓരോ ചുവടും കയറിവരുന്നതിനൊപ്പമാണ് നാല് വയസുകാരന്‍ ഏവരേയും അതിശയിപ്പിച്ച് മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. 25 വര്‍ഷത്തോളം കളരി രംഗത്ത് സജീവമായിരുന്ന ഗോപിനാഥന്‍ ഇപ്പോള്‍ കളരി പരിശീലനത്തോടൊപ്പം ഉഴിച്ചില്‍, തിരുമ്മല്‍, കളരി ചികിത്സ എന്നിവയിലും ശ്രദ്ധേയനാണ്. നിരവധി ആളുകള്‍ ഇദ്ദേഹത്തിന്‍റെ ചികിത്സയിലൂടെ ഇതിനോടകം രോഗമുക്തി നേടിക്കഴിഞ്ഞിട്ടുണ്ട്. കളരി ശിഷ്യര്‍ക്ക് നാഷണല്‍ ലെവലില്‍വരെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കാന്‍ ഗോപിനാഥിന്‍റെ ചിട്ടയായ പരിശീലനത്തിലൂടെ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരിട്ടിയിലെ ഗംഗാധരന്‍ ജ്യോത്സ്യരുടെ വീടിന് സമീപത്തായി എംകെജി എന്ന പേരില്‍ കളരി സംഘം പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ വന്നതിനാല്‍ പഠനം വീട്ടില്‍ മാത്രമായി ചുരുങ്ങിയപ്പോഴാണ് കൊച്ചുമകന്‍റെ കളരിയുടെ കഴിവുകള്‍ കുടുംബം ശ്രദ്ധിച്ചു തുടങ്ങിയത്.
ഈ ചെറു പ്രായത്തില്‍ത്തന്നെ ഓരോ ചുവടും യാദവ് പെട്ടെന്ന് പഠിച്ചെടുക്കുന്നുണ്ടെന്ന് ഗോപിനാഥന്‍ പറയുന്നു. കൂത്തുപറമ്പ് സ്വദേശികളായ പവിത്രന്‍, ജനാര്‍ദ്ദനന്‍, വയത്തൂര്‍ സ്വദേശിയായ ബാബു ഗുരുക്കളുടെയെല്ലാം ശിഷ്യത്വം സ്വീകരിച്ചാണ് ഗോപിനാഥന്‍ അടവുകള്‍ സ്വായത്വമാക്കിയത്. കളരിയുടെ വ്യത്യസ്‌ത തലങ്ങള്‍ പരീക്ഷിക്കുകയും നൃത്തത്തിനൊപ്പം കളരിയും ഉള്‍പ്പെടുത്തി പ്രേഷകരുടെ കൈയ്യടി നേടിക്കൊണ്ടാണ് ഇദ്ദേഹം മുന്നേറുന്നത്. പിന്‍ഗാമികളായി മൂത്തമകന്‍ അഭിനന്ദിനൊപ്പം നാലു വയസുകാരന്‍ യാദവകൂടി കളരിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഈ അച്ഛന്‍ ഏറെ സന്തോഷത്തിലാണ്. ഭാര്യ ഷീനയും മക്കളുമടങ്ങുന്നതാണ് ഗോപിനാഥിന്‍റെ കുടുംബം.