കണ്ണൂര്‍: കണ്ണൂർ ഗവ.മെഡിക്കൽ കോളജില്‍ നിന്നും ഒരു കുടുംബത്തിലെ മുഴുവൻ പേരുമടക്കം നാല് കൊവിഡ് രോഗികൾക്ക് രോഗമുക്തി. ഇതിൽ കാസർകോട്ടെ ഗർഭിണിയായ യുവതിയും ഭർത്താവും അവരുടെ രണ്ട് വയസ് പ്രായമായ കുട്ടിയും ഉൾപ്പെടും. മറ്റൊരാൾ കണ്ണൂർ ജില്ലക്കാരനാണ്. ടി.വി.രാജേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ കണിക്കൊന്നയും മധുരവും കുട്ടിക്ക് കളിപ്പാട്ടങ്ങളുമൊക്കെ സമ്മാനിച്ചാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരെ പ്രിൻസിപ്പാളിന്‍റെ നേതൃത്വത്തിൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് യാത്രയാക്കിയത്. പ്രിൻസിപ്പൽ ഡോ.എൻ.റോയ് പൂച്ചെണ്ടുകൾ സമ്മാനിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ് കൈനിറയെ ചോക്ലേറ്റുകളും കളിപ്പാട്ടവും നൽകി.
ആശുപത്രിയിൽ ഇതുവരെ ചികിത്സ തേടിയവരിൽ കൊവിഡ് പോസിറ്റീവായിരുന്ന 20 പേര്‍ ഇതിനോടകം അസുഖം ഭേദമായി ആശുപത്രി വിട്ടു. 60 വയസിന് മുകളിലും 10 വയസിന് താഴെയുമുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ മാറ്റിയെടുക്കാൻ സാധിക്കില്ലെന്ന രീതിയിൽ വിലയിരുത്തലുകൾ ശക്തമാവുമ്പോഴാണ്, കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഒരു വയസും പത്ത് മാസവും പ്രായമുള്ളതും രണ്ട് വയസുള്ളതുമായ രണ്ട് കുട്ടികൾക്ക് അസുഖം ഭേദമായത്.
സംസ്ഥാനത്താദ്യമായി കൊവിഡ് പോസിറ്റീവായ പൂർണ ഗർഭിണിയെ ചികിത്സിച്ച് ഭേദമാക്കുകയും യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയതും കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. കൊവിഡ് പോസിറ്റീവായ അഞ്ച് ഗർഭിണികളാണ് ഇതിനോടകം ഇവിടെ ചികിത്സ തേടിയത്. ഇവരില്‍ ഒരാൾ മാത്രമാണ് ഇനി ആശുപത്രിയിലുള്ളത്.