കണ്ണൂർ: ഷാര്‍ജയില്‍ നിന്നെത്തിയ 11 വയസുകാരനടക്കം ജില്ലയില്‍ നാല് പേർക്ക് കൂടി ബുധനാഴ്‌ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ ചെറുവാഞ്ചേരി സ്വദേശികളും ഒരാള്‍ മാടായി സ്വദേശിയുമാണ്. മാര്‍ച്ച് 15നാണ് ചെറുവാഞ്ചേരി സ്വദേശിയായ 11 വയസുകാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്. അടുത്ത രണ്ട് രോഗബാധിതരും കുട്ടിയുടെ ബന്ധുക്കളാണ്. ഇവര്‍ക്ക് കുട്ടിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏപ്രില്‍ ഏഴിന് അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിലാണ് മൂന്ന് പേരും സ്രവ പരിശോധനക്ക് വിധേയരായത്.
നിസാമുദ്ദീനില്‍ നിന്ന് മാര്‍ച്ച 10ന് കേരളത്തില്‍ എത്തിയ മാടായി സ്വദേശിയാണ് നാലാമത്തെയാള്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നാണ് ഇയാള്‍ സ്രവ പരിശോധനക്ക് വിധേയനായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി. ഇവരില്‍ 26 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.