കണ്ണൂര്‍ : അന്താരാഷ്ട്ര വിപണിയില്‍ 30 കോടിയോളം വിലയുള്ള തിമിംഗല ഛര്‍ദ്ദി (ആംബര്‍ ഗ്രീസ്)യുമായി രണ്ട് പേരെ വനം വകുപ്പ് പിടികൂടി. കോയിപ്ര സ്വദേശി കെ ഇസ്മയിൽ, ബെംഗളുരുവിൽ താമസക്കാരനായ അബ്ദുൽ റഷീദ് എന്നിവരാണ് അറസ്റ്റിലായത്. കോയിപ്രയില്‍ വച്ചാണ് ഇവര്‍ വലയിലായത്. ആംബര്‍ ഗ്രീസ് നിലമ്പൂർ സ്വദേശികൾക്ക് വില്‍പ്പന നടത്താനായി എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി.
ഒമ്പത് കിലോയിലധികം തൂക്കമുള്ള തിമിംഗല ഛർദ്ദി ബെംഗളൂരുവില്‍ നിന്നാണ് കൊണ്ടുവന്നത്. തിരുവനന്തപുരത്തെ വിജിലൻസ് പ്രിൻസിപ്പൽ ചീഫ് കോൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ണൂർ ഫ്‌ളൈയിങ് സ്കോഡും തളിപ്പറമ്പ് ഫോറസ്റ്റ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.
ALSO READ: 'സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍'; 6 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി
സ്വകാര്യ വാഹനത്തിലാണ് ആംബര്‍ ഗ്രീസ് നാട്ടിൽ എത്തിച്ചത്. കോയിപ്രയിൽ വച്ച് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കൂടുതൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി രതീശൻ പറഞ്ഞു. സ്പേം വെയിൽ വിഭാഗത്തിൽപ്പെടുന്ന തിമിംഗലങ്ങൾ പുറം തള്ളുന്ന ആംബർ ഗ്രീസിന് സൗന്ദര്യവര്‍ധക വസ്തു നിര്‍മാണ വിപണിയിൽ വന്‍ വിലയാണ്.
തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നതിനാല്‍ രാജ്യത്ത് ആംബർഗ്രിസ് വിൽപന കുറ്റകരമാണ്
സ്പേം വെയിൽ വിഭാഗത്തിലെ തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നതിനാൽ ആംബർഗ്രീസ് വിൽപ്പന രാജ്യത്ത് കുറ്റകരമാണ്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.