കണ്ണൂര്‍ : ഭക്ഷ്യവിഷബാധ എന്ന് കേൾക്കുമ്പോൾ തന്നെ മനുഷ്യന് ആധിയും ഭീതിയുമാണ്. മരണം കൺമുന്നിലുണ്ട് എന്നതുതന്നെ കാരണം. നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഭക്ഷണമെന്ന് കരുതി കാശ് കൊടുത്ത് വാങ്ങുന്നത് വിഷമാണെങ്കില്‍ അതിനോളം വലിയ ചതിയും വിശ്വാസവഞ്ചനയുമില്ല. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം പരിശോധനയും അധികൃതരുടെ ഇടപെടലും ഉണ്ടാകുന്നതാണ് ഭക്ഷ്യസുരക്ഷ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഭക്ഷണ ശാലകളിലെയും പാചകക്കാരുടേയും വൃത്തി മുതല്‍ കേടായ ഭക്ഷണം വരെയുണ്ട് ഇക്കാര്യത്തില്‍. പഴകിയ എണ്ണയും രാസപദാർഥങ്ങൾ ചേർത്ത ഭക്ഷണ പദാർഥങ്ങളും മാലിന്യം കലർന്ന വെള്ളവുമൊക്കെ ഉപയോഗിക്കുന്നത് ഇതിന്‍റെ ഭാഗമാണ് (Food Safety).
ദിനം പ്രതി ആയിരക്കണക്കിന് ലിറ്റർ പാലും പച്ചക്കറിയും മത്സ്യമാംസാദികളും അതിർത്തി കടന്ന് കേരളത്തിലെത്തുന്നുണ്ട്. അരിയും പയറും കറി പൗഡറും മസാലകളും എണ്ണയും നെയ്യുമൊക്കെ അതിർത്തി കടക്കുമ്പോൾ പരിശോധിക്കപ്പെടണം. ഭക്ഷണമെന്ന പേരില്‍ വിഷം തരുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നടപടികളുണ്ടാകണം. അമിത ലാഭത്തിന് വേണ്ടി സാധാരണക്കാരന് വിഷം നല്‍കുന്നവർക്ക് മുകളില്‍ നിയമത്തിന്‍റെ ശക്തമായ ഇടപെടലുണ്ടാകണം.
ശിക്ഷ വർധിപ്പിക്കണം, ചെക്‌പോസ്റ്റുകളില്‍ പരിശോധന വേണം : ഭക്ഷ്യസുരക്ഷ സംബന്ധിച്ച കേസുകളില്‍ ആറ് മാസം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമൊക്കെയാണ് സാധാരണ ശിക്ഷയായി വിധിക്കാറുള്ളത്. ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചാല്‍ അടച്ചിടാൻ പറയുന്നതാണ് ശിക്ഷ. അത് പിന്നീട് എപ്പോൾ വേണമെങ്കിലും തുറന്ന് പ്രവർത്തിക്കാനുമാകും. തെരുവോര കച്ചവടക്കാർ അടക്കമുള്ളവർക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ല എന്ന തരത്തിലാണ് കാര്യങ്ങൾ.
ഭക്ഷ്യസുരക്ഷ വകുപ്പിനൊപ്പം മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ് എന്നിവർ ചേർന്ന് അതിർത്തി ചെക്‌പോസ്റ്റുകളില്‍ ശക്തവും വ്യാപകവുമായ പരിശോധന നടത്തണം. ട്രെയിനുകളില്‍ എത്തുന്ന ഭക്ഷണ പദാർഥങ്ങളുടെ പാർസലുകൾ പരിശോധിക്കാൻ റെയില്‍വേ സ്റ്റേഷനുകളില്‍ സംവിധാനമൊരുക്കണം.
കേരളത്തില്‍ ഓരോ നിയമസഭ മണ്ഡലത്തിലും ഒരു ഫുഡ് സേഫ്‌റ്റി ഓഫീസർ എന്ന നിലയിലാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത്. ഇത് കൂടാതെ സംസ്ഥാനത്തെ മൂന്ന് റീജിയണുകളായി തിരിച്ച് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ കമ്മിഷണർ നിശ്‌ചയിക്കുന്ന ടാസ്‌ക് ഫോഴ്‌സുകളും പ്രത്യേക സ്‌ക്വാഡുകളും കൂടി ചേരുമ്പോൾ പരിശോധന സംവിധാനം കുറ്റമറ്റതും കാര്യക്ഷമവുമാകുമെന്നാണ് അധികൃതർ പറയുന്നത്. ഭക്ഷ്യസുരക്ഷ പരിശോധനയ്ക്കായി കേന്ദ്ര അംഗീകാരമുള്ള ലാബുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്.
ഗൗരവത്തോടെ ഇടപെടണം: കേരള നിയമസഭ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം പരിശോധിച്ച ഭക്ഷ്യ സാമ്പിളുകളില്‍ 35.64 ശതമാനത്തിലും കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് പറയുന്നത്. ഇതില്‍ ജൈവ പച്ചക്കറി, ഇക്കോഷോപ്പ് എന്നിവയുടെ സാമ്പിളുകളിലും വന്‍ തോതില്‍ കീടനാശിനി സാന്നിധ്യമുണ്ട്. പാക്കറ്റുകളില്‍ എത്തുന്ന കറി മസാല പൊടികളിലാണ് കീടനാശിനിയുടെ സാന്നിധ്യം ഏറ്റവുമധികം സ്ഥിരീകരിച്ചിട്ടുള്ളത്. നിറങ്ങൾ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ മുളകില്‍ നിന്ന് ചുവപ്പും മഞ്ഞളില്‍ നിന്ന് മഞ്ഞയും നിറം വേര്‍തിരിച്ചെടുക്കുന്നു. അതിന്‍റെ അവശിഷ്ടം മുളക്, മഞ്ഞൾ പൊടികളുമായി സംയോജിപ്പിക്കുന്നു.
സിന്തറ്റിക് നിറങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ഉപ സംരംഭങ്ങളാണ് കറി പൗഡര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ എന്നത് ഞെട്ടിക്കുന്ന കണ്ടെത്തലാണ്. കീടനാശിനി അംശം സ്ഥിരീകരിക്കപ്പെട്ട ലാബ് റിപ്പോര്‍ട്ടുകളില്‍ തുടർ നടപടികളുണ്ടാകാറില്ല എന്നതാണ് വാസ്‌തവം. കാന്‍സറിനൊപ്പം വൃക്ക, കരള്‍ രോഗങ്ങൾക്കും കാരണം ഭക്ഷണത്തിലെ കീടനാശിനി സാന്നിധ്യമാണെന്നാണ് ആരോഗ്യരംഗത്തുള്ളവർ പറയുന്നത്. ഇക്കാര്യത്തിലെ കോടതി വിധികൾ തമസ്‌കരിച്ചാണ് മിക്ക കറി പൗഡർ നിർമാണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഭക്ഷണ പദാർഥങ്ങളില്‍ സുഡാന്‍ റെഡ്, എത്തിയോണ്‍ അടക്കമുള്ള കീടനാശിനികളുടെ സാന്നിധ്യം മാരകമായ രോഗങ്ങളിലേക്കാണ് മനുഷ്യനെ തള്ളിവിടുന്നത്.
'ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്ലിക്കേഷൻ': മികച്ച ഭക്ഷണശാലകളെ കണ്ടെത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് `ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്ലിക്കേഷൻ' പുറത്തിറക്കിയിട്ടുണ്ട്. നിലവാരമുള്ള ഹോട്ടലുകളുടെ വിവരങ്ങളും അവയുടെ ലൊക്കേഷനും മൊബൈൽ ആപ്പിലൂടെ അറിയാം. ഭക്ഷണനിലവാരം, പൊതുവായ ശുചിത്വം തുടങ്ങിയവ സംബന്ധിച്ച് എഫ്എസ്എസ്എഐയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയാണ് ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷ നിയമത്തെ കുറിച്ചും ആപ്പ് വഴി അറിയാം. പൊതുജനങ്ങൾക്ക് പരാതിയും നല്‍കാം.
ടാസ്‌ക് ഫോഴ്‌സ് : ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ, അവയുടെ ഉത്പാദക കേന്ദ്രങ്ങൾ, വിപണന മാർഗങ്ങൾ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ച് റിപ്പോർട്ട് നൽകൽ. ഭക്ഷ്യവിഷബാധ ഉണ്ടായാൽ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ട് ചെയ്യൽ, പ്രവർത്തനം ഏകോപിപ്പിക്കൽ എന്നിവ ടാസ്‌ക് ഫോഴ്‌സിന്‍റെ ഉത്തരവാദിത്തമാണ്.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിക്ക് നിർദ്ദേശം നൽകൽ, നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കൽ, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിക്ക് നിർദ്ദേശം നൽകൽ, വ്യാജ ഓർഗാനിക്ക് ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ, വിൽപന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കൽ, ഹെൽത്ത് സപ്ലിമെന്‍റ്, ഫുഡ് സപ്ലിമെന്‍റ് എന്നിവയുടെ നിർമ്മാണ രീതികളെകുറിച്ചുള്ള അന്വേഷണം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ എടുക്കുകയും ആവശ്യമായ വിവരങ്ങൾ കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്യൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളിൽ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോർട്ട് ചെയ്യല്‍, കമ്മീഷണർ നിർദ്ദേശിക്കുന്ന മറ്റ് ചുമതലകൾ വഹിക്കൽ എന്നിവയും ടാസ്‌ക് ഫോഴ്‌സിന്‍റെ ചുമതലയാണ്
അഭിമാനത്തോടെ കേരളം : പരാതികൾ നിരവധിയുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭക്ഷ്യസുരക്ഷയില്‍ കേരളം മുന്നിലാണ്. ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന അഡ്‌ജുഡിക്കേഷൻ/ പ്രോസിക്യൂഷൻ കേസുകൾ, NABL അംഗീകാരമുളള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധന മികവ്, മൊബൈൽ ലാബിന്‍റെ പ്രവർത്തനം ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയ FoSTaC പരിശീലനം, FSSAIയുടെ വിവിധ ഈറ്റ് റൈറ്റ് ഇനീഷ്യേറ്റീവ്‌സ്, സംസ്ഥാന തലത്തിൽ നടത്തുന്ന ബോധവത്‌കരണ പരിപാടികൾ... അങ്ങനെ തുടങ്ങി കേരളം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം, മീനിലെ മായം കണ്ടെത്തുന്നതിന് ഓപ്പറേഷൻ മത്സ്യ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഹോട്ടലുകൾക്ക് സ്റ്റാർ കാറ്റഗറി, വൃത്തിയുള്ള സുരക്ഷിത ഭക്ഷണം തെരഞ്ഞെടുക്കാൻ ഈറ്റ് റൈറ്റ് കേരള ആപ്പ്, ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പ്രത്യേക ടാസ്‌ക് ഫോഴ്സ്, നല്ല ഭക്ഷണം നാടിന്‍റെ അവകാശം കാമ്പയിൻ, എല്ലാ ഭക്ഷണ നിർമാണ സ്ഥാപനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ലൈസൻസ് നിർബന്ധമാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യല്‍ എന്നിവ ഉൾപ്പടെ നിരവധി പ്രവൃത്തികളാണ് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളം നടപ്പാക്കിയത്.