കണ്ണൂർ : പ്രളയക്കെടുതികളിൽ വിറങ്ങലിച്ച് നിന്ന കേരളം ഇന്നും മായാത്ത ഓർമ്മയാണ്. ഉറ്റവരെ നഷ്‌ടമായവർ, ജീവിതത്തിൽ സമ്പാദിച്ച വീടുകളുൾപ്പെടെ നഷ്‌ടമായവർ അങ്ങനെ നഷ്‌ടങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. 2019 ലെ പ്രളയത്തിലും 2020ലെ വെള്ളപ്പൊക്കത്തിലും കണ്ണൂർ ജില്ലയിൽ വൻ നാശനഷ്‌ടം ഉണ്ടായ പ്രദേശമാണ് ശ്രീകണ്‌ഠാപുരം.
2019ൽ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും ശ്രീകണ്‌ഠാപുരത്ത് മാത്രം ഉണ്ടായത് കോടികളുടെ നാശനഷ്‌ടമാണ്. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രദേശം മുഴുവനായി വെള്ളത്തിൽ മുങ്ങി. 2 വർഷം പിന്നിട്ടിട്ടും ഓരോ മഴക്കാലമെത്തുമ്പോഴും നഷ്‌ടങ്ങളുടെ ഓർമ്മയിൽ ഭീതിയിൽ കഴിയുകയാണ് ഇവിടുത്തെ വ്യാപാരികൾ.
സർക്കാർ പ്രളയ സഹായം പ്രഖ്യാപിച്ചെങ്കിലും ഇന്നും പലർക്കും അത് ലഭ്യമായിട്ടില്ല. പല കുറി അധികാരികൾ മുമ്പാകെ കയറി ഇറങ്ങിയെങ്കിലും നടപടിയിലേക്ക് എത്തിയില്ല. നഷ്‌ടം വന്നതിനെ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണം എന്ന് മാത്രം അഭ്യർഥിച്ചവരും ഉണ്ട്, എന്നാൽ അതും സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല. വീണ്ടും മഴ കനക്കുമ്പോൾ താരതമ്യേന താഴ്ന്ന പ്രദേശമായതിനാൽ ഏത് നേരവും വെള്ളം പൊങ്ങാം എന്ന നിലയിൽ ആണ് ശ്രീകണ്‌ഠാപുരം.
2019 ലെ മഴക്കെടുതിയില്‍ ജില്ലയിൽ 49.67 കോടിയുടെ കൃഷി നാശമുണ്ടായപ്പോൾ കേളകം, കണിച്ചാർ, മയ്യിൽ, ഉദയഗിരി, തൃപ്പങ്ങോട്ടൂർ, കുന്നോത്ത്പറമ്പ്, ആലക്കോട്, എന്നീ പഞ്ചായത്തുകളിലും ശ്രീകണ്‌ഠാപുരം നഗരസഭയിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടമുണ്ടായത്. മഹാപ്രളയത്തിൽ മുങ്ങിയ ശ്രീകണ്‌ഠാപുരത്തെ പ്രളയബാധിതരെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാരിന് ഇന്നും കഴിഞ്ഞിട്ടില്ല.