കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ഡിഐജി രാഹുൽ ആർ നായരുടെ ശുപാർശ. കണ്ണൂർ ജില്ല കലക്‌ടർക്കാണ് ശുപാർശ സമർപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ ഒന്നാം പ്രതിയാണ് ഫർസീൻ മജീദ്.
2018 മുതൽ രജിസ്ട്രർ ചെയ്‌ത കേസിൻ്റെ കൂടി അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താനുള്ള ശുപാർശ നൽകിയത്. ഇതിൻ്റെ പകർപ്പ് ഫർസീനും നൽകി കഴിഞ്ഞു. ഫർസീൻ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് പറയുന്നത്.
ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മട്ടന്നൂർ പൊലീസ് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഡിഐജി ശുപാർശ നൽകിയത്. ഫർസീനെതിരെ കൂടുതലും രാഷ്‌ട്രീയ കേസുകളാണ്.
2018 വധശ്രമ ഗൂഡാലോചന കേസും ഫർസിൻ്റെ പേരിൽ ഉണ്ട്. ശുപാർശയിൽ അന്തിമ തീരുമാനം കൈകൊള്ളേണ്ടത് ജില്ല കലക്‌ടർ ആണ്. നിയമസഭയിൽ ഉൾപ്പെടെ ഏറെ ചർച്ചകൾക്ക് വഴി വച്ച വിമാനയാത്ര വിവാദത്തിന് പിന്നാലെ ഉള്ള സർക്കാർ നീക്കത്തിനെതിരെ രാഷ്‌ട്രീയമായി പ്രതിരോധിക്കാൻ തന്നെയാകും യുഡിഎഫിൻ്റെ നീക്കം.