കണ്ണൂര്‍: വാര്‍ധക്യം മാറ്റി നിര്‍ത്തപ്പെടേണ്ടതോ മുറിയില്‍ തളച്ചിടേണ്ടതോ അല്ലെന്ന് വിളംമ്പരം ചെയ്തുള്ള വയോജനങ്ങളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. താളിക്കാവ് സായം പ്രഭ പകല്‍ വീട്ടിലെ വയോജനങ്ങളാണ് ബുധനാഴ്ച (15.06.22) വൈകീട്ട് കണ്ണൂർ കലക്ടറേറ്റ് ആംഫി തിയറ്ററിൽ തകര്‍ത്താടിയത്. വയോജനങ്ങളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് ഫ്ലാഷ് മോബ് നടത്തിയത്.
'യേ ദോസ്തീ ഹം നഹീം തോഡേംഗേ' (ഈ സൗഹൃദം ഞങ്ങൾ ഒരിക്കലും തകർക്കില്ല ) എന്ന് തുടങ്ങുന്ന അര്‍ഥവത്തായ ഹിന്ദി ഗാനത്തിനാണ് മുത്തശ്ശന്മാരും മുത്തശ്ശിമാരും ചുവടുവെച്ചത്. അറുപതുകാരിയായ പ്രസന്ന മുതല്‍ 81 വയസുള്ള സുരേന്ദ്രന്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ പാട്ട് തുടങ്ങിയതോടെ പ്രായം മറന്ന് അവർ മതിമറന്നാടുകയായിരുന്നു.
പകൽവീട് കെയർ ഗിവർ സജിന നസീറിന്‍റെ നേതൃത്വത്തിൽ നാല് ദിവസം കൊണ്ടാണ് ചുവടുകൾ പഠിച്ചത്. സാമൂഹ്യനീതി വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫ്ലാഷ് മോബിന് സാക്ഷിയാകാൻ ജില്ല കലക്‌ടര്‍ എസ് ചന്ദ്രശേഖറും എത്തി.
also read: ജീവപര്യന്തം തടവുകാര്‍ക്ക് ഡാന്‍സ് തെറാപ്പി ; മാനസിക സമ്മര്‍ദം കുറയ്ക്കുക ലക്ഷ്യം