കണ്ണൂർ : ചരിത്രത്തിലാദ്യമായി സിപിഎം പൊളിറ്റ് ബ്യൂറോയിൽ ദലിത് പ്രാതിനിധ്യം. പശ്ചിമ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോം ആണ് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദലിത് അംഗം. പുതിയ മാറ്റത്തിലൂടെ 58 വർഷത്തെ പാർട്ടി ചരിത്രം തിരുത്തിയെഴുതുകയാണ് സിപിഎം.
ദലിത്, ആദിവാസി തുടങ്ങി സാമൂഹികപരമായി പിന്നോക്കം നിൽക്കുന്ന പല വിഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സഖാക്കളാണ് സിപിഎം പാർട്ടിയുടെ അടിത്തറയെന്ന് രാമചന്ദ്ര ഡോം പറഞ്ഞു. പിബിയിലേക്ക് തന്നെ തെരഞ്ഞെടുത്തതിൽ ആശ്ചര്യപ്പെടാൻ ഒന്നുമില്ലെന്നും അത് സ്വാഭാവിക പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ചരിത്രനീക്കത്തിലൂടെ സമൂഹത്തിന് ഒരു മികച്ച സന്ദേശമാണ് പാർട്ടി നൽകുന്നത്. രാജ്യത്തെ അധ്വാനിക്കുന്ന തൊഴിലാളിവർഗത്തിന്‍റെയും പാർശ്വവൽകൃത വിഭാഗങ്ങളുടെയും മോചനത്തിനായാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും ഡോം വ്യക്തമാക്കി.
മുമ്പ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്ര ഡോം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദളിത് ശോഷൻ മുക്തി മഞ്ച് അധ്യക്ഷനുമാണ്. 1989 മുതൽ ബംഗാളിലെ ബിർഭൂം മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ALSO READ:യെച്ചൂരിക്ക് മൂന്നാമൂഴം; എ വിജയരാഘവന്‍ പിബിയില്‍, സിസിയില്‍ കേരളത്തിൽ നിന്ന് നാലു പുതുമുഖങ്ങൾ
പിബിയിൽ നിന്നും ഇത്തവണ മൂന്ന് അംഗങ്ങളാണ് ഒഴിഞ്ഞത്. പ്രായപരിധിയെ തുടർന്ന് എസ് രാമചന്ദ്രൻ പിള്ള പിബിയിൽ നിന്ന് ഒഴിഞ്ഞപ്പോൾ എ. വിജയരാഘവൻ പകരക്കാരനായെത്തി. ഇതിനുപുറമേ ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവരുടെ ഒഴിവിലേക്കാണ് രാമചന്ദ്ര ഡോമും മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ലയും എത്തിയത്.