കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ. ഫസൽ വധക്കേസിൽ പുതിയ അന്വേഷണ സംഘം വരുമ്പോൾ നീതി നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ. വിശ്വൻ അറിയിച്ചു. പുതിയ അന്വേഷണം വരുന്നതോടെ പ്രതികളും സാക്ഷികളും തെളിവുകളുമെല്ലാം പുതിയ നിലയ്‌ക്ക് മാറിവരുന്ന ഒരു അപൂർവ തുടരന്വേഷണമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടരന്വേഷണത്തിൽ നീതി ലഭിക്കും
പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നത് വിചാരണയിലാണെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ അനാവശ്യ വിചാരണ ഒഴിവാക്കാനും ശരിയായ പ്രതികളെ വച്ചുകൊണ്ട് വിചാരണ നടത്താനും പുതിയ നടപടി കൊണ്ട് കഴിയുമെന്നും കൂട്ടിച്ചേർത്തു. നിരപരാധികളെ മാറ്റിനിർത്താനും അപരാധികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമുള്ള ഒരു നടപടി ആയി ആ തുടരന്വേഷണം മാറുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം നടത്തിയത് വിചിത്രരീതിയിൽ
വിചിത്ര രീതിയിലാണ് ഈ കേസിൽ രേഖകൾ ഉണ്ടാക്കിയത്. സങ്കൽപത്തെ അടിസ്ഥാനമാക്കിയുള്ള തെളിവുകളാണ് എല്ലാം. പ്രതികൾക്ക് അനുകൂലമായ രേഖകളെല്ലാം മാറ്റിവെച്ചു. വ്യാജ രേഖകളുണ്ടാക്കിയാണ് പ്രതികൾക്കെതിരെ കേസ് മുന്നോട്ടു കൊണ്ടുപോയത്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും അഡ്വ.കെ. വിശ്വൻ വ്യക്തമാക്കി.
READ MORE: ഫസല്‍ വധം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
2006 ഒക്‌ടോബർ 22നാണ് പത്രവിതരണത്തത്തിനിറങ്ങിയ ഫസൽ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് റോഡരികിൽ വച്ച് പുലർച്ചെ കൊല്ലപ്പെട്ടത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ, സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള പ്രതികാര കൊലപാതകമെന്നായിരുന്നു ആരോപണമുയർന്നത്.