കണ്ണൂര്‍: പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിനിമ സ്‌റ്റൈൽ യുദ്ധമായിരുന്നു വെള്ളിയാഴ്‌ച (03.11.2023) അർധ രാത്രിയിൽ ചിറക്കൽ ചിറയ്ക്ക് സമീപമുള്ള, നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ് പറയുന്ന റോഷന്‍റെ വീട്ടിൽ അരങ്ങേറിയത്.
സംഭവം ഇങ്ങനെ: അടച്ചിട്ട വീട്. മുകളിലും താഴെയുമായി രണ്ട് പട്ടികൾ. അർധ രാത്രിയോടടുക്കുന്ന സമയം. ചുവന്ന ബീക്കണ്‍ ലൈറ്റുമിട്ട് ഡിവൈഎസ്‌പിയും വളപട്ടണം എസ്ഐ നിഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കുതിച്ചു പാഞ്ഞു. പൊലീസിന്‍റെ ലക്ഷ്യം റോഷനിലേക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ പിതാവ് തോമസും ഭാര്യയും കതകുകൾ ഒന്നുകൂടി ശക്തിയായി അടച്ചു.
തോമസാവട്ടെ കയ്യിലുള്ള രണ്ട് തോക്കുകളും തയ്യാറാക്കി എന്തിനെയും നേരിടാൻ സജ്ജമായി. രണ്ടുതവണ പൊലീസ് കതക് തട്ടിയെങ്കിലും അവർക്ക് ഒരു കൂസലുമുണ്ടായില്ല. രണ്ട് നില വീടിന്‍റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകളിലെ നിലയിലെത്തി. പോലീസ് റോഷനെ പിടികൂടാതെ പിന്മാറില്ലെന്ന് കണ്ടതോടെ തോമസ് തന്‍റെ അക്രമ മുഖം പുറത്തെടുത്ത് വെടിയുതിർത്തു. ഒന്നല്ല മൂന്ന് തവണ.
എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കുതറി മാറിയതിനാൽ തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതിയായ റോഷൻ പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പുലരുവോളം നാട്ടുകാരുടെ അമ്പരപ്പും ഭയപ്പാടും മാറിയില്ല. മകൻ റോഷനെ പൊലീസിൽ നിന്ന് രക്ഷിക്കാനായിരുന്നു പിതാവ് നടത്തിയ അറ്റകൈ പ്രയോഗം.
റോഷന് വലവിരിച്ച് പൊലീസ്: അതേസമയം സംഭവത്തിൽ റോഷന്‍റെ പിതാവ് തോമസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചു. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണെങ്കിലും ഭാര്യ ഉൾപ്പടെ കുടുംബത്തിന് പൂർണ പിന്തുണയാണ്. ഇരു തോക്കുകളും ലൈസൻസോടെയാണ് തോമസ് കയ്യിൽ വച്ചത്. തമിഴ്‌നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയാണ് റോഷൻ. റോഷന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.