കണ്ണൂര്‍: പിഞ്ചുമകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കോടതി ജീവനക്കാരനെ ജില്ല ജഡ്‌ജ് ജോബിൻ സബാസ്‌റ്റ്യൻ ജോലിയിൽ നിന്നും സസ്‌പൻഡ് ചെയ്തു. തലശ്ശേരി കുടുംബ കോടതിയിലെ റെക്കോഡ്സ് അറ്റന്‍റര്‍ പാട്യം പത്തായക്കുന്നിലെ കുപ്യാട്ട് വീട്ടിൽ കെ.പി.ഷിനു എന്ന ഷിജു (42) വാണ് സസ്പൻഷനിലായത്. ഇക്കഴിഞ്ഞ വിജയദശമി നാളിൽ (വെള്ളിയാഴ്ച) വൈകിട്ടാണ് നാടിനെ നടുക്കിയ കുറ്റകൃത്യം ഷിജു ചെയ്തത്.
ALSO READ: കൂട്ടിക്കലിന് മമ്മൂട്ടിയുടെ കൈത്താങ്ങ് ; ആരോഗ്യ സേവനവും അവശ്യ വസ്‌തുക്കളും ഉറപ്പാക്കി താരം
സ്വർണാഭരണ തർക്കത്തിൽ പ്രകോപിതനായ ഷിജു ഭാര്യയെയും മകളെയും ഇല്ലാതാക്കാൻ രണ്ടു പേരെയും അനുനയത്തിൽ കൂട്ടിക്കൊണ്ടുപോയി പാത്തിപ്പാലം പുഴയിൽ ചെക്ക്ഡാം നടപ്പാതയിൽ എത്തിച്ച് പുഴയിലേക്ക് തള്ളി വീഴ്ത്തുകയായിരുന്നു. മകൾ ഒന്നര വയസുകാരി അൻവിത മുങ്ങിമരിച്ചെങ്കിലും ഭാര്യ സോനയെ (32) നാട്ടുകാർ രക്ഷിച്ചിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോയ ഷിജു പിറ്റേന്നാൾ ഉച്ചയ്ക്ക് മട്ടന്നൂരിൽ നിന്നാണ് പിടിയിലായത്.
സ്ഥലത്തെ ക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിൽ നിന്ന് പരിസരവാസികൾ രക്ഷിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. അറസ്‌റ്റിലായ ഷിജു ഇപ്പോൾ റിമാൻഡിലാണ്. കതിരൂർ പൊലീസാണ് കേസന്വേഷിക്കുന്നത്.
ALSO READ: കുഞ്ഞിനെ കടത്തിയതില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍