കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ ദേവനന്ദയെ ഓർമയില്ലേ... ഇഷ്‌ടപ്പെട്ട ഭക്ഷണം മരണത്തിലേക്കുള്ള വഴിയാണെന്ന് അറിയാതിരുന്ന പതിനാറുകാരി. ചെറുവത്തൂരിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയും ഷിഗല്ല ബാക്റ്റീരിയയുമാണ് ദേവനന്ദയുടെ ജീവൻ എടുത്തത്.
അന്ന് ചെറുവത്തൂരിലെ ഐഡിയൽ ഹോട്ടലിലെ ജീവനക്കാരുടെ അനാസ്ഥയിൽ 31 ഓളം പേരാണ് ആശുപത്രിയിൽ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയത്. നാട്ടിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച ഭക്ഷ്യ ദുരന്തത്തിന് ശേഷം കേരളത്തിൽ ഉടനീളം ഭക്ഷണശാലകളില്‍ പരിശോധന വ്യാപകമായി. പിന്നീട് അതും അവസാനിച്ചു.
പക്ഷെ അതൊന്നും ഈ കുടുംബത്തിന് നഷ്‌ടമായതിന് പകരമാകില്ലല്ലോ... നഷ്‌ടപ്പെടലിന്‍റെ ഓർമ്മകളിൽ നിന്ന് ഇനിയും ദേവനന്ദയുടെ കുടുംബം ഉയർത്തെഴുന്നേറ്റിട്ടില്ല. ദേവനന്ദ മരണത്തിന് കീഴടങ്ങിയിട്ട് രണ്ടര മാസം പിന്നിടുകയാണ്. ഭർത്താവിന് പിന്നാലെ ഏക മകളും തന്നെ തനിച്ചാക്കി പോയ ദു:ഖത്തിലാണ് ദേവനന്ദയുടെ അമ്മ.
മറ്റൊരു ജോലി എടുക്കാൻ സാധിക്കാത്ത നിലയിലേക്ക് പ്രസന്ന മാറിക്കഴിഞ്ഞതായും സർക്കാർ സഹായമാണ് പ്രതീക്ഷയെന്നും പ്രസന്നയുടെ സഹോദരി സൗദാമിനി പറയുന്നു...