കണ്ണൂര്‍: മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള വാഗ്വാദം കനക്കുന്നതിനിടെ കെ. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ സേവറി നാണുവിന്‍റെ കൊലപാകതവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കോണ്‍ഗ്രസിന് സംഭവിച്ച കൈപ്പിഴയായിരുന്നു സേവറി നാണുവിന്‍റെ കൊലപാതകമെന്നാണ് സുധാകരന്‍ പറഞ്ഞത്. ഇതോടെ നാണുവിന്‍റെ കൊലക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.
സുധാകരന്‍റേത് കുറ്റസമ്മതം?
സുധാകരന്‍ നടത്തിയത് കുറ്റസമ്മതം തന്നെയാണെന്ന് സേവറി നാണുവിന്‍റെ ഭാര്യ ഭാര്‍ഗവി ആരോപിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നിയമനടപടികള്‍ അഭിഭാഷകനുമായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്‍ഗവി വ്യക്തമാക്കി.
Also Read: 'വിമർശനം വ്യക്തിപരം തന്നെ' ; വീണ്ടും മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍
താന്‍ കോണ്‍ഗ്രസിന്‍റെ ജില്ല ചുമതലയേറ്റതിന് ശേഷം കണ്ണൂരില്‍ സിപിഎമ്മിന് നഷ്‌ടപ്പെട്ട രണ്ടാമതൊരു പ്രവര്‍ത്തകന്‍റെ പേര് പിണറായി വിജയന്‍ പറഞ്ഞാല്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാം എന്നു തുടങ്ങിയുള്ള പരാമര്‍ശത്തിലാണ് സുധാകരന്‍ സേവറി നാണുവിന്‍റെ പേര് പറഞ്ഞത്.
സേവറി നാണുവിനല്ലാതെ തന്‍റെ കാലഘട്ടില്‍ മറ്റൊരു സിപിഎമ്മുകാരനും ജീവന്‍ നഷ്‌ടപ്പെട്ടിട്ടില്ല. 28 പേരെ സിപിഎം വെട്ടിക്കൊന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഒരു കൈപ്പിഴയാണ് നാണുവിന്‍റെ കൊലയെന്നും സുധാകരന്‍ പറഞ്ഞു.
1992 ജൂണ്‍ 13നായിരുന്നു കണ്ണൂര്‍ ബസ്റ്റാന്‍റിന് സമീപത്തുണ്ടായ ബോംബേറില്‍ സേവറി നാണു കൊല്ലപ്പെട്ടത്. ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണം കേസന്വേഷണത്തിന്‍റെ ആദ്യഘട്ടം മുതല്‍ ശക്തമായിരുന്നു.