കണ്ണൂർ: വ്യാജ സ്വർണം വില്‍പ്പന നടത്തി തട്ടിപ്പു നടത്തുന്നയാൾ പിടിയിലായി. ഡല്‍ഹിയിലെ സലാഠ് കോളനി സ്വദേശി മുസലീം ആണ് പിടിയിലായത്. തൊട്ടില്‍പ്പാലം പൊലീസാണ് ഇയാളെ പിടികൂടിയത്. വെളളിയാഴ്‌ച തൊട്ടില്‍പ്പാലത്തെ ആലപ്പാട്ട് ജ്വല്ലറിയിലാണ് മുസലിം സ്വര്‍ണം വിറ്റത്. താൻ മഹാരാഷ്ട്രക്കാരനാണെന്നും ലോറിയുമായി വന്നപ്പോൾ ലോറി തകരാറായി എന്നും കയ്യിലുള്ള മോതിരം വിറ്റാൽ മാത്രമേ തകരാർ പരിഹരിച്ച് പോവാൻ കഴിയുകയുള്ളൂ എന്നും പറഞ്ഞാണ് മോതിരം വിറ്റത്. ജ്വല്ലറിയിൽ ഉരച്ച് പരിശോധന നടത്തിയപ്പോൾ സംശയം തോന്നിയില്ല. മോതിരം ഉരുക്കാൻ ശ്രമിച്ചപ്പോഴാണ് ജ്വല്ലറി ഉടമ തട്ടിപ്പ് മനസിലാക്കിയത്. പുറം ഭാഗത്ത് സ്വർണം പൂശിയ പിച്ചളയും വെള്ളിയും കൊണ്ട് നിർമ്മിച്ചായിരുന്നു മോതിരം.
തുടർന്ന് ആലപ്പാട്ട് ജ്വല്ലറി ഉടമ വാട്‌സ് ആപ് വഴി ഈ വിവരം മറ്റ് ജ്വല്ലറി ഉടമകളെ അറിയിച്ചു. ഇതറിയാതെ തട്ടിപ്പ് നടത്തിയ വ്യക്തി ശനിയാഴ്‌ച രാവിലെ ഇത്തരത്തിലുള്ള മോതിരവുമായി പേരാമ്പ്രയിലെ ഒരു ജ്വല്ലറിയിൽ എത്തി. വെള്ളിയാഴ്‌ച തൊട്ടിൽപ്പാലത്ത് തട്ടിപ്പ് നടത്തിയ ആളാണെന്ന് മനസിലാക്കിയ ജ്വല്ലറി ഉടമ പൊലീസില്‍ വിവരം അറിയിച്ചു. പേരാമ്പ്ര പോലീസ് എത്തി പ്രതിയെ പിടികൂടി തൊട്ടിൽപ്പാലം പോലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. വയനാട് ജില്ലയിലെ മാനന്തവാടിയിലും മലപ്പുറം ജില്ലയിൽ രണ്ടിടത്തും ഇതേ തട്ടിപ്പ് നടന്നതായി പൊലീസ് പറഞ്ഞു.