കണ്ണൂർ: തളിപ്പറമ്പ് മണ്ഡലം മുഴുവൻ ക്യാമറകണ്ണിലാകുന്ന തേർഡ് ഐ പദ്ധതിക്ക് തുടക്കമായി. കേരളത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന ഒരു ഐടി അധിഷ്ഠിത പദ്ധതിയാണ് തേർഡ് ഐ. ആദ്യ ഘട്ടത്തിൽ 178 ക്യാമറകളാണ് ഇതിന്‍റെ ഭാഗമായി കുറഞ്ഞ ചിലവിൽ സ്ഥാപിക്കുന്നത്. തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജിൽ സ്ഥാപിച്ച സെന്‍റർ ഫോർ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആന്‍റ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ സഹായത്തോടെ പിഡബ്ല്യൂഡി ഇലക്ട്രോണിക്സ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഏറ്റവും സുരക്ഷിതത്വത്തോടെ ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഇന്‍റര്‍നെറ്റിന്‍റെ സഹായമില്ലാതെ ഒരു ക്ലോസ്‌ഡ് നെറ്റ്‌വർക്ക് നിർമിച്ച് അതിലൂടെ ഐപി ക്യാമറ നിരീക്ഷണമാണ് സ്ഥാപിക്കുക.
മലയാരം, പുഴയോരം, ജനവാസമില്ലാത്ത സ്ഥലങ്ങൾ തുടങ്ങി തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന എവിടെയും ക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം നടത്താനുതകുന്ന പദ്ധതിയാണിത്. ജെയിംസ് മാത്യു എംഎൽഎ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുർഷിദ കൊങ്ങായി, പി മുകുന്ദൻ, സിഎം കൃഷ്‌ണൻ, തളിപ്പറമ്പ് സിഐ ജയകൃഷ്ണൻ, കല്ലിങ്കീൽ പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.