കണ്ണൂർ : ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ മകനെ പാർട്‌ണർ ആക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നേകാൽ കോടിരൂപയും 20 പവൻ സ്വർണവും തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് തൃച്ചംബരം സ്വദേശി പി ഭാർഗവന്‍റെ പരാതിയിൽ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു. പേരാമ്പ്ര സ്വദേശികളായ ബിജുകുമാർ, സുമേഷ്, പ്രശാന്ത് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
മകൾക്ക് എം.ബി.ബി.എസിന് സീറ്റ് ശരിയാക്കിക്കൊടുത്താണ് ഒന്നാം പ്രതിയായ ബിജു കുമാർ പരാതിക്കാരന്‍റെ വിശ്വാസം പിടിച്ചുപറ്റിയത്. തുടർന്ന് നാസയുടെ ഡയറക്ട് കോൺട്രാക്ട് ആയ സ്പേസ് ടെക്നോളജി പ്രൊജക്ട് വർക്ക് തങ്ങളുടെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രവർത്തിച്ചുവരുന്നുവെന്ന് വിശ്വസിപ്പിച്ചു. മകനെ ഈ കമ്പനിയുടെ പാർട്‌ണർ ആക്കാമെന്ന് പറഞ്ഞാണ് രണ്ടും മൂന്നും പ്രതികളായ സുമേഷും പ്രശാന്തും പരാതിക്കാരനിൽ നിന്നും പണം വാങ്ങിയത്.
ഭാർഗവന്‍റെ ഭാര്യയുടെ അക്കൗണ്ട് വഴിയും നേരിട്ടും 2015 മുതൽ 2020 വരെയുള്ള കാലയളവിൽ 1,26,48,412 രൂപയും 20 പവൻ സ്വർണഭാരങ്ങളും പ്രതികൾക്ക് നൽകിയതായാണ് പരാതിയിൽ പറയുന്നത്. പണം കൈപ്പറ്റിയതിനുശേഷം പിന്നീട് പ്രതികൾ ഫോൺ എടുക്കാതായി. തിരിച്ച് ബന്ധപ്പെടാതായതോടെയുമാണ് തട്ടിപ്പിന് ഇരയായെന്ന് ഇവർക്ക് മനസിലായത്. തുടർന്ന് ഭാർഗവൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.