കണ്ണൂർ: തളിപ്പറമ്പിനടുത്തുള്ള ഇരിങ്ങൽ സ്വദേശി മുസ്‌തഫ സി പി. ഇരിങ്ങലിൽ ഉള്ള വീട്ടിൽ താമസം തുടങ്ങിയിട്ട് മൂന്ന് വർഷത്തിൽ അധികമായി. കൃഷിയോട് അടുപ്പമുള്ള മുസ്‌തഫ, പറമ്പിൽ അന്ന് നാല് ചേന നട്ടു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ലാഭം കൊയ്യുകയാണ് ചേനകൃഷിയിലൂടെ മുസ്‌തഫ. ഇവിടെ ഇത്തവണ വിളവെടുത്ത ഒരു ചേനയുടെ തൂക്കം കേട്ടാൽ ആരും ഒന്ന് അമ്പരക്കും. 51 കിലോയാണ് തൂക്കം. ഓരോ വർഷവും വിളവെടുക്കുമ്പോൾ തൂക്കത്തിലെ സംഖ്യ കൊണ്ട് കൃഷി വകുപ്പിനെ പോലും ഞെട്ടിക്കുന്നുണ്ട് മുസ്‌തഫ.
42 കിലോയാണ് കഴിഞ്ഞ വർഷം വിളവെടുത്ത ഒരു ചേനയുടെ തൂക്കം. വിളവിൽ മികവ് കാട്ടുന്ന ചേനയുടെ വിശേഷമറിഞ്ഞ് നീലേശ്വരം ഗവേഷണ കേന്ദ്രമുൾപ്പെടെ മുസ്‌തഫയെ തേടിയെത്തി. കഴിഞ്ഞ വർഷം 180 ചേനയാണ് തന്‍റെ തോട്ടത്തിൽ മുസ്‌തഫ നട്ടു പിടിപ്പിച്ചത്. അതിൽ 100 എണ്ണവും കാട്ടുപന്നി നശിപ്പിച്ചു.
എങ്കിലും ബാക്കിയുള്ളതിൽ നിന്ന് ഇത് വരെ മൂന്ന് കിന്‍റലോളം കച്ചവടം ചെയ്‌ത് കഴിഞ്ഞു. പലയിടങ്ങളിൽ നിന്നും ഇദ്ദേഹത്തിന്‍റെ ചേനയെ തേടി ആളുകൾ എത്തുന്നുണ്ട്. അമ്മയുടെ 90 സെന്‍റ് സ്ഥലത്താണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ചേനയും വാഴയും എന്നു വേണ്ട പച്ചക്കറി കൃഷിയിൽ എല്ലാം സജീവമാണ് മുസ്‌തഫ. ജൈവവളം ഉപയോഗിച്ച് മാത്രമാണ് മുസ്‌തഫയുടെ കൃഷി.