കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇലക്ട്രിക് ടാക്‌സി കാര്‍ സര്‍വീസ് ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് വിമാനത്താവളത്തിൽ ഈ സംവിധാനം നടപ്പാക്കുന്നത്. വിമാനത്താവളത്തിന് ആവശ്യമായ മുഴുവന്‍ വാഹനങ്ങളും വൈദ്യുതിയിൽ പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ ആദ്യപടിയാണിത്. മൂന്ന് വൈദ്യുത വാഹനങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാൻ കഴിയും. വിമാനത്താവളത്തില്‍ തന്നെ ഇതിന് ചാര്‍ജിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
11 മണിക്കൂറാണ് ഫുള്‍ ചാർജ്ജാകാനുള്ള സമയം. സ്പീഡ് ചാര്‍ജര്‍ സംവിധാനം നടപ്പിലായാല്‍ രണ്ട് മണിക്കൂര്‍ മതിയാകും. തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂര്‍ അടക്കമുള്ള പോയിന്‍റുകളില്‍ ചാര്‍ജിങ് യൂണിറ്റ് ഒരുക്കാനും കിയാലിന് പദ്ധതിയുണ്ട്. കാര്‍ സര്‍വീസ് കോണ്‍ട്രാക്ടിന് എടുത്തിട്ടുള്ള സ്വകാര്യ കമ്പനിയാണ് വാഹനങ്ങള്‍ ഇറക്കിയത്.