കണ്ണൂർ : കസ്റ്റഡിയിലായ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ യൂ ട്യൂബ് ചാനൽ മരവിപ്പിച്ചു. വീഡിയോ ചെയ്യുന്നതിലെ നിയമ ലംഘനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇ ബുൾ ജെറ്റ് സഹോദരന്‍മാരെ അറസ്റ്റുചെയ്യുമ്പോൾ പൊലീസ് മർദിച്ചിട്ടില്ലെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.
ഇക്കാര്യത്തിൽ എന്തെങ്കിലും നിയമലംഘനമുണ്ടായോയെന്ന് പൊലീസ് പരിശോധിക്കും. പരാതി ഉന്നയിക്കാൻ ആർക്കും അവകാശമുണ്ട്. അവർ ചിത്രീകരിച്ച വീഡിയോയിൽ പ്രഥമദൃഷ്‌ട്യാ ഇക്കാര്യം കാണുന്നില്ല. യൂ ട്യൂബര്‍മാരോട് വ്യക്തിപരമായ ഒരു വിരോധവുമില്ല. എന്നാല്‍ അവർ നടത്തിയ നിയമ ലംഘനങ്ങൾ പരിശോധിക്കും.
നിയമവിരുദ്ധത ആഹ്വാനം ചെയ്‌താല്‍ നടപടി
തോക്ക് ഉപയോഗിച്ചുള്ള വീഡിയോ എവിടെ ചിത്രീകരിച്ചതാണെന്ന് അന്വേഷിക്കും. ബിഹാറിലാണെന്നാണ് സൂചന. ഇവർക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ സ്കൂൾ കുട്ടികളടക്കം പോസ്റ്റിടുന്നുണ്ട്. അഭിപ്രായ വ്യത്യാസം പറയുന്നതിൽ പൊലീസിന് എതിർപ്പില്ല.
എന്നാൽ പൊലീസ് സ്റ്റേഷൻ അക്രമിക്കുക, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുക തുടങ്ങിയവ നടത്തുന്നവർ കുട്ടികളായാലും നടപടിയെടുക്കും.
സംസാരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഈ സംഭവത്തിൽ കൊല്ലത്തും ആലപ്പുഴയിലും രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോകൾ അന്വേഷണത്തിന്‍റെ ഭാഗമായാണ് മരവിപ്പിച്ചത്. ഡിലീറ്റ് ചെയ്ത വീഡിയോയും പരിശോധിക്കും. ഇവർ പ്രസ് സ്റ്റിക്കർ ഉപയോഗിച്ചതിനെതിരെ നടപടി സ്വീകരിക്കും.
'പ്രത്യേക സംഘം രൂപീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല'
ഇവർ നേരത്തേ ചെയ്ത വീഡിയോകള്‍ പരിശോധിച്ച്, ഉള്ളടക്കം സമൂഹത്തിൽ നിയമവിരുദ്ധമായി സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിൽ യൂട്യൂബ് ചാനൽ പൂട്ടിക്കാനുള്ള നടപടി സ്വീകരിക്കും. ഇ ബുൾജെറ്റ് സഹോദരങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും.
ഈ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കമ്മിഷണർ ആർ. ഇളങ്കോ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
യൂ ട്യൂബ് വ്ളോഗര്‍മാരായ സഹോദരങ്ങളെ കണ്ണൂർ ടൗൺ പൊലീസ് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്‌തത്. ആർ.ടി.ഒയുടെ പരാതിയിലാണ് നടപടി. ഇരിട്ടി കിളിയന്തറ സ്വദേശികൾ എബിൻ, ലിബിൻ എന്നിവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.
വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങി ഒൻപത് കുറ്റങ്ങൾ ചുമത്തി മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസം വ്ളോഗർമാരുടെ വാഹനം പിടിച്ചെടുത്തിരുന്നു. ആർ.ടി.ഒയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്.
ALSO READ: വാക്‌സിന്‍ ദൗര്‍ലഭ്യത്തിന് താത്കാലിക പരിഹാരം ; മൂന്ന് ലക്ഷം ഡോസ് ഇന്നെത്തും