കണ്ണൂർ : കടുത്ത വേനലിൽ വരണ്ടുണങ്ങി കണ്ണൂർ. കടുത്ത വരൾച്ച കൂടിയെത്തിയതോടെ ജില്ലയിൽ പലയിടത്തും തെങ്ങുകളും കവുങ്ങുകളും ഉണങ്ങിക്കഴിഞ്ഞു. വരൾച്ച മൂലം വെള്ളം കിട്ടാതായതോടെ കരിവെള്ളൂർ പെരളം മാലാപ്പിൽ ജനാർദനന്‍റെ നൂറോളം വരുന്ന കവുങ്ങുകളും തെങ്ങുകളുമാണ് ഉണങ്ങി നശിച്ചത്.
കടുത്ത വരൾച്ച മൂലം പലയിടത്തും ജലക്ഷാമം നേരിട്ടതോടെ തെങ്ങിൽ തോട്ടങ്ങളും കവുങ്ങിൻ തോട്ടങ്ങളും നനയ്ക്കുന്നത് നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവ കൂട്ടത്തോടെ ഉണങ്ങി നശിച്ചത്. കഴിഞ്ഞ വർഷം വരെ നല്ല ആദായം ലഭിച്ചിരുന്ന കൃഷിയിടമാണ് ഇപ്പോൾ ഉണങ്ങി വരണ്ട് കിടക്കുന്നതെന്ന് ജനാർദനൻ പറയുന്നു.
മുൻ കാലങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നത് കൊണ്ട് കാർഷിക മേഖലയ്ക്ക് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നില്ല. എന്നാൽ ഇത്തവണ സ്ഥിതി ഗുരുതരമാണ്. തെങ്ങിന്‍റെയും കവുങ്ങിന്‍റെയും ഓല ഉണങ്ങിത്തൂങ്ങുന്നതാണ് ആദ്യ ലക്ഷണം. ദിവസങ്ങൾക്കുള്ളിൽ മരത്തിന്‍റെ തലയടക്കം പൊട്ടി വീഴും.
മണ്ണിന്‍റെ ജൈവാംശം കുറയുന്നതും അന്തരീക്ഷത്തിലെ കടുത്ത ചൂടുമാണ് വിളകൾ ഉണങ്ങി നശിക്കാൻ കാരണമായതെന്ന് മുൻ കൃഷി ഓഫിസറും കാർഷിക മേഖലയിലെ നിറ സാന്നിധ്യവുമായ കാനാ ഗോവിന്ദൻ പറയുന്നു. ഇത്തവണത്തെ വേനൽ ഭാവിയിലെ കാർഷിക സമ്പത്തിന്‍റെ ശോഷണത്തിനിടയാക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകർ പറയുന്നത്.