കണ്ണൂർ: ചിലർ ഇങ്ങനെയൊക്കെ ആണ്. ജന്മം കൊണ്ട് തന്നെ അവര്‍ കലകളെ നെഞ്ചോടു ചേർത്തുവയ്‌ക്കും. അങ്ങനെ ഒരു വിദ്യാർഥിയാണ് ദേവ് കൃഷ്‌ണ സുരേഷ്.
കണ്ണൂർ ജില്ലയിലെ താവക്കരയില്‍ തയ്യൽ തൊഴിലാളിയായ സുരേഷ് പ്രീത ദമ്പതികളുടെ ഏക മകനാണ് ദേവ് കൃഷ്‌ണ സുരേഷ്. കണ്ണൂർ സെന്‍റ് മൈക്ൾ ആഗ്ലോ ഇന്ത്യൻ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി. ഹൈസ്‌കൂൾ വിദ്യാർഥി എന്നതിനപ്പുറം ദേവ് കൃഷ്‌ണയെ ഒരു മിനി എൻജിനീയർ എന്ന് വിളിക്കുന്നതാകും കുറച്ചുകൂടി നന്നാവുക.
ബസുകളോടാണ് ഈ കുഞ്ഞു മനസിന് പ്രിയം. എന്നാല്‍ ഇതിനെ വെറും ബസ് എന്ന് പറയാനുമാവില്ല. കേരളത്തിലെ വലിയൊരു വിഭാഗം ചെറുപ്പക്കാർക്കിടയിൽ നെഞ്ചിലേറ്റിവരുന്ന കൊമ്പന്‍റെ ആരാധകനാണ് ദേവ് കൃഷ്‌ണയും.സോഷ്യൽ മീഡിയയിൽ തരംഗമായ പത്തനംതിട്ടയിലെ കൊമ്പൻ ടൂറിസ്‌റ്റ് ബസിനെക്കുറിച്ച് എല്ലാം കാര്യങ്ങളും ഈ മിടുക്കനറിയാം. സീറ്റിങ് കപ്പാസിറ്റിയും നിറവും പേരും ലൈറ്റും നമ്പർ പ്ലേറ്റും അടക്കം എല്ലാം ദേവ് കൃഷ്‌ണയ്‌ക്ക് മനഃപാഠമാണ്.
ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് നാട് മുഴുവൻ കൊവിഡ് ഭീതിയിൽ കഴിയുമ്പോൾ ദേവ് കൃഷ്‌ണ, യുട്യൂബ് നോക്കി ബസിന്‍റെ ജാതകം പഠിച്ചുതുടങ്ങുന്നത്. തുടര്‍ന്ന് ഫോറെക്‌സ് മെറ്റീരിയലും,ഫ്ലക്‌സി ക്വിക്കും, എൽ ഈഡി ബുൾബും ഒക്കെ ഉപയോഗിച്ച് പതിയെ ബസ് നിർമാണത്തിലേക്ക് നീങ്ങി. ഇന്ന് മൂന്ന് വർഷത്തോടടുക്കുമ്പോൾ റിമോട്ട് കണ്ട്രോളിൽ പായുന്ന ബസ്സടക്കം അഞ്ച് ബസ്സുകൾ ദേവ് കൃഷ്‌ണയ്‌ക്ക് സ്വന്തമായുണ്ട്.
Also Read: പഴയ സാരിയും പ്ലാസ്‌റ്റിക് ചാക്കും കിട്ടിയാല്‍ കയറാക്കി മാറ്റും; സ്വന്തം ഐഡിയ ഹിറ്റാക്കി ഗോപിനാഥൻ
ഒരാഴ്‌ച കൊണ്ടാണ് ദേവ് കൃഷ്‌ണ ഒരു ബസ് നിർമാണം പൂർത്തീകരിക്കുന്നത്. എൽ ഇഡി ബൾബടക്കം ഒമ്പത് വാട്ടിന്‍റെ ആറ് ബാറ്ററി ഉപയോഗിച്ചുകൊണ്ടാണ് ബസിന്‍റെ പ്രവർത്തനം. ഒരു ബസിന് ഏതാണ്ട് 5000 മുതൽ 6000 രൂപ വരെ ചെലവ് വരും. എന്നാല്‍ ബസിനോടുള്ള മകന്‍റെ പ്രിയം കണ്ട് മാതാപിതാക്കളും നിരുത്സാഹപ്പെടുത്തിയില്ല. പഠനത്തിനപ്പുറം കിട്ടുന്ന സമയമൊക്കെ ബസ് നിർമാണത്തിനായി നീക്കിവച്ച അവനു ആ മാതാപിതാക്കള്‍ അകമഴിഞ്ഞ പിന്തുണ നൽകി.
ടെക്‌നിക്കൽ വിദ്യയടക്കം മനഃപാഠമാക്കിയ ദേവ്കൃഷ്‌ണ 2022 ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ബസ് നിർമാണം തുടരുന്നതോടൊപ്പം ഈ കൊച്ചു മിടുക്കന് അശോക് ലേലാന്‍ഡിലെ എഞ്ചിനീയർ ആവാനാണ് ആഗ്രഹം. ഒപ്പം കൊമ്പന്‍റെ അണിയറക്കാരെ ഒന്ന് കാണണമെന്ന് ഒരു കുഞ്ഞ് മോഹവും.
Also Read: കൊവിഡ് 'വളര്‍ത്തിയ' കലാകാരി; എഞ്ചിനീയറിങ് ഉപേക്ഷിച്ച് കലണ്ടര്‍ നിര്‍മാണം, താരപ്പകിട്ടില്‍ രാജിഷ