കണ്ണൂർ : ഇരിട്ടി വിയറ്റ്‌നാമിൽ വീണ്ടും മാവോവാദി സംഘത്തിന്‍റെ പ്രകടനം. ആറളം പഞ്ചായത്തിലെ കീഴ്‌പ്പള്ളി വിയറ്റ്‌നാമിൽ ആണ് മാവോവാദി സംഘം വീണ്ടും എത്തി പ്രകടനം നടത്തി പോസ്റ്ററുകൾ പതിച്ചത്. മൂന്ന് സ്‌ത്രീകളടങ്ങുന്ന 11 അംഗ സംഘമാണ് ടൗണിൽ എത്തിയത്.
സിപിഐ മാവോവാദി കബനി ഏരിയ സമിതി എന്ന് എഴുതിയ പോസ്റ്ററുകളാണ് സംഘം പതിച്ചത്. 'ആറളം ഫാം തൊഴിലാളികൾ അടിമകളല്ല ഉടമകളാണ്', 'ആറളം ഫാം തൊഴിൽ ഒത്തുതീർപ്പ്, ട്രേഡ് യൂണിയൻ വഞ്ചകരെ തിരിച്ചറിയുക' എന്നിവയാണ് പോസ്റ്ററുകളിൽ എഴുതിയ വാചകങ്ങൾ. അരമണിക്കൂറോളം ടൗണിൽ ചെലവഴിച്ച സംഘം പ്രദേശത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയാണ് മടങ്ങിയത്.
കേരള വനത്തിൽ നിന്നാണ് സംഘം ഇവിടെ എത്തിയത്. വിയറ്റ്‌നാമിലെ വീടുകളിൽ മുൻപും അഞ്ച് അംഗ സംഘം നിരവധി തവണ എത്തിയിട്ടുണ്ടെങ്കിലും ടൗണിൽ എത്തുന്നത് ഇത് ആദ്യമായാണ്. അടുത്തിടെ എടപുഴയിലും വാളത്തോടും അഞ്ചംഗ സംഘം എത്തി പ്രകടനം നടത്തിയിരുന്നു. ഇരിട്ടി എഎസ്‌പി തബോഷ് ബസുമതാരി ആറളം എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
അയ്യൻകുന്നിൽ മാവോയിസ്റ്റ് സംഘം : കണ്ണൂർ അയ്യൻകുന്നിൽ ഒരാഴ്‌ച മുൻപാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ വളന്തോടാണ് വീണ്ടും അഞ്ചംഗ മാവോയിസ്‌റ്റ് സംഘം എത്തിയത്. വൈകിട്ട് ആറ് മണിയോടെ മാവോയിസ്‌റ്റ് നേതാവായ സി പി മൊയിദീനും ഒരു സ്‌ത്രീയും അടങ്ങിയ ആയുധ ധാരികളായ സംഘം ടൗണിൽ എത്തുകയായിരുന്നു. സിപിഐ മാവോയിസ്‌റ്റ്, കബനി ദളം എന്ന പേരിൽ ഇവർ പോസ്റ്റർ പതിക്കുകയും ചെയ്‌തു.
റിലയൻസ്, വാൾ മാർട് കുത്തക പ്രസ്ഥാനങ്ങളെ കടന്നാക്രമിക്കുക എന്ന വാചകങ്ങൾ ആണ് പോസ്റ്ററിൽ ഉണ്ടായത്. കറുത്ത മഴക്കോട്ട് ധരിച്ചെത്തിയ സംഘം ടൗണിൽ പോസ്‌റ്ററുകൾ പതിച്ച്, കവലയിൽ ചെറു പ്രസംഗം നടത്തി സമീപത്തെ കടയിൽ നിന്ന് സമാന രീതിയിൽ സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു. തണ്ടർബോൾട്ട് അംഗങ്ങൾ അടങ്ങുന്ന പൊലീസ് സംഘം ഈ മേഖലയിൽ പരിശോധന നടത്തിയെങ്കിലും ഇവരെക്കുറിച്ചും മറ്റു വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.
എടപ്പുളയിൽ ഇക്കഴിഞ്ഞ ജൂണ്‍ മാസമാണ് സായുധരായ അഞ്ചംഗ മാവോയിസ്‌റ്റ് സംഘം പ്രകടനം നടത്തിയത്. സമാന രീതിയിൽ ടൗണിൽ പ്രസംഗിക്കുകയും പോസ്‌റ്ററുകൾ പതിക്കുകയും ചെയ്‌തിരുന്നു.