കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്കെതിരെയാണ് കേസെടുത്തത്. ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ പരാതിയിലാണ് നടപടി. സൈബർ ആക്രമണത്തെ തുടർന്നുണ്ടായ മനോവേദനയിലാണ് സുരേന്ദ്രൻ മരിച്ചതെന്ന് കെപിസിസി അംഗം കെ. പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു.
ദീവേഷ് ചേനോളിയെ കൊണ്ട് അഴിമതി ആരോപണവും ജാതി അധിക്ഷേപവും നടത്തിച്ചത് മേയർ കസേര നോട്ടമിട്ടിരിക്കുന്ന പികെ രാഗേഷാണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ സുരേന്ദ്രനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ തനിക്ക് പങ്കില്ലെന്നും മേയർ സ്ഥാനാർഥിയായി സുരേന്ദ്രനെ തീരുമാച്ചിരുന്ന വിവരം അറിയില്ലെന്നും പികെ രാഗേഷ് പറയുന്നു.
കോൺഗ്രസിലുണ്ടായ തമ്മിലടിക്ക് പിന്നാലെ സിപിഎം ഇത് രാഷ്ട്രീയ ആയുധമാക്കി രംഗത്ത് വന്നിരുന്നു. പാർട്ടിക്കകത്ത് നേരിട്ട സൈബർ ആക്രമണത്തിൽ മനംനൊന്താണ് സുരേന്ദ്രൻ മരിച്ചതെന്ന കെപിസിസി അംഗത്തിന്‍റെ പരാതി പൊലീസ് അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡണ്ട് പൊലീസിൽ പരാതി നൽകിയത്.