കണ്ണൂർ: പയ്യന്നൂര്‍ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ ജാതി വിവേചനമുണ്ടായെന്ന വിവാദത്തിന് പിന്നാലെ മറ്റൊരു വിവാദം കൂടി ഉയരുന്നു. ക്ഷേത്രം ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ഭാരതീയ ദലിത് കോണ്‍ഗ്രസാണ് രംഗത്തെത്തിയത്. 1999 ലെ എച്ച്.ആർ 2/4177/ 99 നമ്പർ എസ്‌സി, എസ്‌ടി പ്രാതിനിധ്യ വ്യവസ്ഥ സർക്കുലർ ലംഘിച്ച് മലബാർ ദേവസ്വം ബോർഡ് ടി.ടി.കെ ദേവസ്വത്തിൽ ക്ഷേത്രം ട്രസ്റ്റി നിയമനം നടത്തിയെന്നാണ് ആരോപണം.
ആകെയുള്ള എട്ട് അംഗ ട്രസ്റ്റി ബോർഡാണ് ടിടികെ ദേവസ്വത്തിലുള്ളത്. ഇതിൽ മൂന്ന് പേരെയാണ് മലബാർ ദേവസ്വം ബോർഡ് നിയമിക്കുന്നത്. 1999ല്‍ സർക്കാർ ഇറക്കിയ ഉത്തരവും ഇവർ ഉയർത്തി കാട്ടുന്നു. മലബാർ ദേവസ്വം ബോർഡ് രൂപീകൃതമാകുന്നതിന് മുൻപ് തന്നെ ടി.ടി.കെ ദേവസ്വത്തിൽ പാരമ്പര്യേതര ട്രസ്റ്റുമാരെ നിയമിക്കുമ്പോൾ എസ്‌സി, എസ്‌ടി സംവരണം ഉറപ്പാക്കി മാത്രമാണ് നിയമനം നടത്തിയിട്ടുള്ളതെന്നും സംഘം ചൂണ്ടികാട്ടുന്നു.
മലബാർ ദേവസ്വം പുറത്ത് വിട്ട ലിസ്റ്റും ഇതിന് തെളിവായുണ്ടെന്ന് ഇവർ പറയുന്നു. ഭരണകൂടത്തിന്‍റെ രാഷ്ട്രീയ സ്വാധീനം പരിഗണന സമയത്ത് ഉണ്ടായിരുന്നതായി അപേക്ഷകരിൽ ഒരാളായ ടി.രമേശൻ ആരോപിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിയമനത്തില്‍ ദലിത് പരിഗണന ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന നിയമനം പൂര്‍ണമായും രാഷ്‌ട്രീയ സ്വാധീനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1999ലേത് പ്രകാരം നിയമനം നടത്തുന്നില്ലെങ്കില്‍ എന്തിനാണ് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുന്നതെന്നും സംഘം ചോദിക്കുന്നു. വിഷയത്തില്‍ ദേവസ്വം മന്ത്രിക്ക് പ്രതിഷേധക്കാര്‍ പരാതി നല്‍കി. ക്ഷേത്രത്തിലേക്ക് നടന്ന പ്രതിഷേധം ഭാരതീയ ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വസന്ത് പള്ളിയം മൂല ഉദ്ഘാടനം ചെയ്‌തു. അജിത് മാട്ടൂൽ രാജീവൻ.സി, കാട്ടമ്പള്ളി രാമചന്ദ്രൻ, ദാമോദരൻ കോയിലേരി തുടങ്ങിയവർ പ്രതിഷേധത്തില്‍ പങ്കെടുത്തു.