കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിന് മുന്നിലൂടെയുള്ള പൊതുവഴി അടക്കുന്നത് സംബന്ധിച്ച് അധികൃതർ പ്രതിസന്ധിയിൽ. സാമൂഹ്യ വിരുദ്ധന്‍റെ നഗ്നതാ പ്രദർശനത്തിന്‍റെ പശ്ചാത്തലത്തിൽ വഴി അടക്കണമെന്ന് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും ആവശ്യപ്പെടുകയാണ്.
എന്നാൽ കാലങ്ങളായി ഉപയോഗിക്കുന്ന പൊതുവഴി അടച്ചാൽ യാത്രാദുരിതം നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് കടന്നപ്പള്ളിയിലെ ജനങ്ങൾ. വനിതാ ഹോസ്റ്റലിന് മുമ്പിൽ സാമൂഹ്യ വിരുദ്ധൻ നഗ്നതാ പ്രദർശനം പതിവാക്കിയതോടെയാണ് ഇതിന് മുമ്പിലുള്ള പൊതുവഴി അടക്കണമെന്ന ആവശ്യമുയർന്നത്.
More read: വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; നടപടിയെടുക്കണമെന്ന് വിദ്യാർഥികൾ
കടന്നപ്പള്ളി പ്രദേശവാസികൾ സ്ഥിരമായി സഞ്ചരിക്കുന്ന വഴി കൂടിയാണിത്. അതിനാൽ തന്നെ പൊതുവഴി അടക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് പരിയാരം മെഡിക്കൽ കോളജ് അധികൃതരെയാണ്.
വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി പരിയാരത്തെ കാമ്പസിന് ചുറ്റുമതിൽ നിർമിക്കണമെന്നും ഹോസ്റ്റലിന് മുന്നിലെ പൊതുവഴി അടക്കണമെന്നുമാണ് കുട്ടികൾ ആവശ്യപ്പെടുന്നത്. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞ ദിവസം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പാൾ ഓഫീസിന് മുമ്പിൽ പ്രതിഷേധവും നടത്തിയിരുന്നു.
More read: വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; എം.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
അതിനു പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ റോഡ് അടക്കുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച രാവിലെ റോഡ് നാട്ടുകാരിൽ ചിലർ തുറന്നു. ഈ സാഹചര്യത്തിൽ വനിതാ ഹോസ്റ്റലിൽ മുന്നിലൂടെയുള്ള പൊതുവഴി പൂർണമായും അടക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതരുമായി കൂടിയാലോചിച്ച് പരിഹാരമുണ്ടാക്കാനാണ് കോളജ് അധികൃതർ ലക്ഷ്യമിടുന്നത്.