കണ്ണൂർ: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് അവസാനിക്കും. ഉയര്‍ന്ന അഭിപ്രായങ്ങളിലും നിര്‍ദേശങ്ങളിലും വിമര്‍ശനങ്ങളിലും ഉച്ചയോടെ കേന്ദ്ര നേതൃത്വം മറുപടി നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തിൽ ബിജെപി വിരുദ്ധ ബദല്‍ എങ്ങനെ വേണം എന്നതിനെ സംബന്ധിച്ചും അതിൽ കോണ്‍ഗ്രസിന്‍റെ പങ്കും എന്നിവയടക്കമുള്ള വിഷയങ്ങളിൽ പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കും.
വിശാല മതേതര ജനാധിപത്യ മുന്നണി എന്ന നിര്‍ദേശമാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്‌തുകൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വച്ചത്. എന്നാല്‍ അതിനു തടസമാകുന്ന നിലപാടാണ് കേരളം ഉൾപ്പെടെയുള്ള പ്രധാന സംസ്ഥാന ഘടകങ്ങള്‍ സ്വീകരിച്ചത്. കോൺഗ്രസുമായി ഒരു ബന്ധവും ഉണ്ടാക്കേണ്ടതില്ലെന്നും മത്സരിച്ച എല്ലാ സംസ്ഥാനത്തും പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് എങ്ങനെ ബിജെപിക്ക് ബദലാവുമെന്നും കേരള ഘടകം പൊതുചർച്ചയിൽ ചോദിച്ചിരുന്നു.
പി.രാജീവാണ് ചർച്ചയിൽ കേരള ഘടകത്തിന് വേണ്ടി കോൺഗ്രസിനെതിരെ രംഗത്ത് വന്നത്. ഈ വിഷയവും പാർട്ടി കോൺഗ്രസ് ഇന്ന് ചർച്ച ചെയ്യും.
Also Read: കോൺഗ്രസുമായി ഒരു ബന്ധവും വേണ്ട, യെച്ചൂരിയുടെ നിർദേശം തള്ളി കേരള ഘടകം